 
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗര ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം പൂർത്തിയായതോടെ സ്പെഷ്യാലിറ്റി ക്ലിനിക്കുകൾക്കുള്ള സൗകര്യങ്ങൾ ഒരുങ്ങുന്നു. ഓർത്തോ, ദന്തൽ, പൾമണോളജി, പീഡിയാട്രിക്, സൈക്യാട്രി വിഭാഗങ്ങളുടെ ഒ.പിയാണ് പുതിയ കെട്ടിടത്തിൽ ആരംഭിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. പുതിയ വിഭാഗങ്ങൾ പ്രവർത്തനം ആരംഭിക്കുന്നതോടെ കൂടുതൽ രോഗികൾക്ക് ചികിത്സ ലഭ്യമാകും.ഇപ്പോൾ 300 ഓളം രോഗികൾ ദിനം പ്രതി ചികിത്സ തേടി എത്തുന്നുണ്ട്. തീരപ്രദേശങ്ങളിൽ നിന്നുള്ള രോഗികളാണ് കൂടുതലായും എത്തുന്നത്.
പുതിയ ബ്ലോക്കിന്
40 ലക്ഷം രൂപ
കൂടുതൽ വികസനങ്ങളിലേക്ക്
ആശുപത്രി വികസനത്തിനായി 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്ക് നിർമ്മിച്ചത്. കൂടുതൽ സ്ഥലസൗകര്യം ലഭ്യമാകുന്നതോടെ കൂടുതൽ കെട്ടിട സംവിധാനങ്ങളും ഇവിടെ ഒരുക്കാനാണ് നഗരസഭാ കൗൺസിലിന്റെ തീരുമാനം. നിലവിലുള്ള കെട്ടിടത്തിനോട് ചേർന്ന് 10 സെന്റ് ഭൂമി ഒരു സ്വകാര്യ വ്യക്തി നഗരസഭക്ക് സൗജന്യമായി നൽകാമെന്ന് സമ്മിതിച്ചതായി ചെയർമാൻ അറിയിച്ചു. ഈ സൗകര്യം കൂടി ഉപയോഗപ്പെടുത്തി കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കും. നിലവിലുള്ള ഒ.പി സേവനം നിലനിർത്തി കൊണ്ടാണ് സ്പെഷ്യാലിറ്റി വിഭാഗങ്ങൾ പ്രവർത്തിച്ചു തുടങ്ങുന്നത്.
നിലവിലെ സേവനങ്ങൾ
എൻ.എച്ച്.എമ്മിന്റെ ദേശീയ ഗുണനിലവാര പരിശോധനയിൽ 80 ശതമാനത്തിലധികം പോയിന്റ് നേടിയ സ്ഥാപനമാണ്. നഗരസഭയുടെ പരിധിയിൽ 30-ാം ഡിവിഷനിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. ആശുപത്രിയിലെ പുതിയ വികസന പദ്ധതികൾ കൂടി വരുന്നതോടെ തീരമേഖലയിലേതുൾപ്പടെയുള്ള സാധാരണക്കാർക്ക് വലിയ സഹായമാകും.
നഗരസഭാ അധികൃതർ