boat

കൊല്ലം: അഷ്ടമുടി കായലിന്റെ ഓരത്ത് വമ്പൻ ബോട്ട് യാർഡ് നിർമ്മിക്കാനുള്ള പദ്ധതിരേഖ ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ഡബ്ല്യു.എ.ഐ) കൊച്ചി റീജിണൽ ഓഫീസിൽ നിന്ന് ഹെഡ് ഓഫീസിന് കൈമാറി. പദ്ധതിക്ക് അനുമതി ലഭിച്ചാലുടൻ വിശദപഠനം നടത്തി രൂപരേഖ തയ്യാറാക്കും.

200 മുതൽ 500 ടൺ വരെ ഭാരമുള്ള ബോട്ടുകളുടെ അറ്റുകുറ്റപ്പണിക്കുള്ള കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. ഉൾനാടൻ യാനങ്ങൾക്ക് പുറമേ മത്സ്യബന്ധന യാനങ്ങൾക്കുമുള്ള സൗകര്യമാണ് ആലോചനയിൽ. അഷ്ടമുടി കായൽ കേന്ദ്രീകരിച്ച് ധാരാളം ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമേ ശക്തികുളങ്ങര, അഴീക്കൽ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ധാരാളം ചെറിയ ബോട്ടുകളുമുണ്ട്. പക്ഷെ ഇവയുടെ അറ്റകുറ്റപ്പണിക്ക് കാര്യമായ സൗകര്യം കൊല്ലത്തില്ല. പല ബോട്ടുകളും കൊച്ചിയിലും ആലപ്പുഴയിലും കൊണ്ടുപോയാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഈ പ്രശ്നം നികത്തുകയാണ് ഐ.ഡബ്ല്യു.എ.ഐയുടെ ലക്ഷ്യം.

ഏകദേശം 50 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമ്മാണ ചെലവ് പൂർണമായും ഐ.ഡബ്ല്യു.എ.ഐ തന്നെ വഹിക്കുന്ന തരത്തിലാകും പദ്ധതി തയ്യാറാക്കുക. രണ്ടാം ഘട്ടമായി ബോട്ട് നിർമ്മാണ യൂണിറ്റും ആലോചനയിലുണ്ട്. കുറഞ്ഞത് രണ്ട് ഏക്കർ സ്ഥലമെങ്കിലും വേണം. ഇത് സ്വകാര്യ വ്യക്തികളിൽ നിന്ന് ഏറ്റെടുക്കാനാണ് ആലോചന.

പദ്ധതിരേഖ കൈമാറി

 പദ്ധതിരേഖ ഐ.ഡബ്ല്യു.എ.ഐ ഹെഡ് ഓഫീസിൽ

 അറ്റകുറ്റപ്പണിക്ക് ഇനി ആലപ്പുഴയിലേക്ക് പോകേണ്ട

 ആദ്യഘട്ടത്തിൽ 50 പേർക്ക് തൊഴിൽ

 രണ്ടാംഘട്ടമായി ബോട്ട് നിർമ്മാണം
 തൊഴിൽ അവസരങ്ങൾ വർദ്ധിക്കും

ചവറ കോവിൽത്തോട്ടത്ത് ഡ്രഡ്ജിംഗ്

ദേശീയജലപാത ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി ചവറ കോവിൽത്തോട്ടത്ത് 1.5 കിലോമീറ്റർ നീളത്തിൽ ഐ.ഡബ്ല്യു.എ.ഐയുടെ നേതൃത്വത്തിൽ ഉടൻ ഡ്രഡ്ജിംഗ് ആരംഭിക്കും. കരാർ നടപടികൾ പൂർത്തിയായി. രണ്ട് മീറ്ററോളം ആഴത്തിലാകും ഡ്രഡ്ജിംഗ്.

പദ്ധതിക്ക് ഐ.ഡബ്ല്യു.എ.ഐ ഹെഡ് ഓഫീസിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ഡി.പി.ആർ തയ്യാറാക്കാനുള്ള വിശദ പഠനം ആരംഭിക്കും.

ഐ.ഡബ്ല്യു.എ.ഐ റീജിണൽ ഓഫീസ് അധികൃതർ