കൊല്ലം: തീരദേശ ഹൈവേ മുണ്ടയ്ക്കൽ ഭാഗത്ത് പൂർണമായും തീരദേശം വഴി കടന്നുപോകുന്ന അലൈൻമെന്റ് കൂടി തയ്യാറാക്കാൻ നാറ്റ്പാക്കിന് നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയുടെ നിർദ്ദേശം. പുതിയ അലൈൻമെന്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി നാറ്റ്പാക് സംഘം വൈകാതെ സ്ഥല പരിശോധന നടത്തും.

നിലവിലെ അലൈൻമെന്റിൽ നിന്ന് വ്യത്യസ്തമായി മുണ്ടയ്ക്കൽ ഭാഗത്ത് പൂർണമായും തീരദേശത്ത് കൂടി തന്നെ തീരദേശ ഹൈവേ കൊണ്ടുപോകാൻ നിലവിൽ ധാരണയായിട്ടുണ്ട്. നാറ്റ്പാക്കിന്റെ പുതിയ അലൈൻമെന്റ് കൂടി വന്ന ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

ആദ്യ അലൈൻമെന്റ് പ്രകാരം കല്ലുകൾ സ്ഥാപിച്ച് സാദ്ധ്യതാ പഠനം നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കാനായിരുന്നു തീരുമാനം. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് സാദ്ധ്യതാ പഠനത്തിന് മുമ്പേ പുതിയ അലൈൻമെന്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകിയത്. നിലവിലെ അലൈൻമെന്റ് പ്രകാരം ഇരവിപുരം ഭാഗത്ത് നിന്ന് വരുന്ന തീരദേശ ഹൈവേ മുണ്ടയ്ക്കൽ പാപനാശനത്ത് നിന്ന് വളഞ്ഞ് കൊല്ലം തോടിന്റെ ഓരത്തിലൂടെ ബീച്ചിന് മുന്നിലെത്തി പോർട്ട് റോഡിൽ പ്രവേശിച്ചാണ് മുന്നോട്ടുപോകുന്നത്.

ഈ അലൈൻമെന്റ് പ്രകാരം അര കിലോ മീറ്ററിനിടയിൽ നാല് വളവുകൾ ഉണ്ടാകും. മുണ്ടയ്ക്കൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ വലിയൊരു ഭാഗം, ഗുരുദേവൻ സ്ഥാനം നിർണയിച്ച് നിർമ്മിച്ച വറ്റാത്ത കിണർ എന്നിവയ്ക്ക് പുറമേ നിരവധി വീടുകളും നഷ്ടമാകും.

നിർമ്മാണ ചെലവ് കുറയും

 നാറ്റ്പാക് മുണ്ടയ്ക്കലിൽ പരിഗണിച്ചത് പഴയ കണക്ക്

 പഴയ രേഖകളിൽ തീരത്ത് 130 വീടുകൾ

 ഈ വീടുകൾ പലതും കടലാക്രമണത്തിൽ തകർന്നു

 ശേഷിക്കുന്ന വീടുകൾ കടലാക്രമണത്തിന്റെ നിഴലിൽ

 കുടുംബങ്ങളെ പുനരവധിവസിപ്പിക്കാൻ പദ്ധതി

 തീരദേശം വഴിയായാൽ നിർമ്മാണ ചെലവ് കുറയും

തീരദേശ ഹൈവേ മുണ്ടയ്ക്കലിൽ തീരദേശത്ത് കൂടി കടന്നുപോകുന്ന തരത്തിൽ പുതിയ അലൈൻമെന്റ് തയ്യാറാക്കാൻ നാറ്റ്പാക്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

കെ.ആർ.എഫ്.ബി അധികൃതർ