ocr

ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ വൃശ്ചികോത്സവം 16ന് ആരംഭിച്ച് 27ന് സമാപിക്കും. വൃശ്ചികം ഒന്ന് മുതൽ 12 വരെയാണ് വൃശ്ചികോത്സവം. ഭക്തജനങ്ങൾക്ക് ഭജനം ഇരിക്കാൻ 600 കുടിലുകളുടെ നിർമ്മാണം പൂർത്തിയായി. കൂടാതെ ഓംകാരം, സത്രം, ഗസ്റ്റ്ഹൗസുകളിലും ഓഡിറ്റോറിയത്തിലും ആൽത്തറകളിലുമായി പതിനായിരത്തോളം ആളുകൾ ഭജനം പാർക്കും. സർക്കാരിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ഏകോപനത്തോടെയാണ് ഉത്സവ നടത്തിപ്പ്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള ഡിസ്പെൻസറികൾ മിനി ഓഡിറ്റോറിയത്തിൽ നടക്കും. വിവിധ സംഘടനകളുടെ പവിലിയനുകൾ, പ്രദർശനഹാൾ, വാണിജ്യസ്റ്റാളുകൾ, കാർണിവൽ എന്നിവയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഓഡിറ്റോറിയത്തിൽ 24 മണിക്കൂറും അവതരിപ്പിക്കുന്ന കലാപരിപാടികൾക്കൊപ്പം ക്ഷേത്രഭരണസമിതി നൽകുന്ന പരബ്രഹ്മപുരസ്കാരത്തിനായുള്ള നാടക മത്സരവും നടക്കും.

16ന് രാവിലെ 8ന് ക്ഷേത്രഭരണസമിതി പ്രസിഡന്റ് തോട്ടത്തിൽ സത്യൻ പതാക ഉയർത്തും. തുടർന്ന് ക്ഷേത്രഭരണസമിതി സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവ തീർത്ഥാടന സന്ദേശം നൽകും. വൈകിട്ട് 3ന് നടക്കുന്ന ഹിന്ദുമത കൺവെൻഷൻ ഹൈക്കോടതി ജസ്റ്റിസ് വി.ജി.അരുൺ ഉദ്ഘാടനം ചെയ്യും. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. എൻ.കെ.പ്രമചന്ദ്രൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്രഭരണ സമിതി സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ സ്വാഗതവും കാര്യനിർവഹണ സമിതി അംഗം എം.ഗോപാലകൃഷ്ണപിള്ള നന്ദിയും പറയും. 27ന് നടക്കുന്ന സമാപന സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ക്ഷേത്ര വികസന പ്രവർത്തനങ്ങൾ

റവന്യു വകുപ്പ് തടസപ്പെടുത്തു

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ വികസന പ്രവർത്തനങ്ങൾ റവന്യു വകുപ്പ് തടസപ്പെടുത്തുന്നുവെന്നും പാട്ടക്കരാർ പുതുക്കി നൽകുന്നതിന് മനപ്പൂർവം തടസം നിൽക്കുന്നുവെന്നും ക്ഷേത്രഭരണ സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ പത്രസമ്മേളനത്തിൽ ആരോപിച്ചു. ക്ഷേത്രം നിലനിൽക്കുന്നത് റവന്യു കുത്തക പാട്ടഭൂമിയിലാണ്. പാട്ടക്കരാർ പുതുക്കേണ്ട സമയം കഴിഞ്ഞിട്ടും പുതുക്കിയിട്ടില്ല. ക്ഷേത്ര മതിൽക്കെട്ടിന് പുറത്തുള്ള ക്ഷേത്രക്കുളമായ കല്ലുകെട്ട് ചിറയും വാഹന പാർക്കിംഗിന് ഉപയോഗിക്കുന്ന ഭൂമിയും ക്ഷേത്രത്തിന് ആവശ്യമില്ലെന്ന റിപ്പോർട്ടാണ് റവന്യു അധികൃതർ സർക്കാരിന് നൽകിയിരിക്കുന്നത്. ഇത് തികച്ചും അവാസ്ഥവമാണ്. ക്ഷേത്ര കൈവശമിരിക്കുന്ന ഒന്നര ഏക്കറോളം ഭൂമി ഭരണസ്വാധീനത്തിൽ കൈവശപ്പെടുത്താൻ ഭൂമാഫിയകൾക്ക് റവന്യു അധികൃതർ കൂട്ടുനിൽക്കുകയാണ്. കാലഹരണപ്പെട്ട അഗതി മന്ദിരവും പഴയ സത്രവും പുതുക്കിപ്പണിയുന്നതിനും അധികൃതർ തടസം നിൽക്കുകയാണെന്നും ഇതിനെതിരെ ബഹുജനപ്രക്ഷേഭം സംഘടിപ്പിക്കുമെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.