പുനലൂർ: ഇക്കാലത്ത് വായന നശിച്ചുകൊണ്ടിരിക്കുകയാണെന്ന നിഗമനം ശരിയല്ലെന്ന് നിലമേൽ എൻ. എസ്.എസ് കോളേജ് മുൻ മലയാളം മേധാവി ഡോ.എസ്.മുരളീധരൻ നായർ അഭിപ്രായപ്പെട്ടു. പുനലൂരിൽ പ്രിയദർശിനി സാഹിതിയുടെ പ്രതിമാസ സാഹിത്യ സംഗമത്തിൽ, കേരളപ്പിറവിയും ശ്രേഷ്ഠഭാഷയും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ് പുസ്തകത്താളുകളിൽ മാത്രം ഒതുങ്ങുന്നതല്ല. പ്രത്യേകിച്ച് ഡിജിറ്റൽ യുഗത്തിൽ വിവരസാങ്കേതിക വിദ്യയുടെ അക്ഷയ ശേഖരങ്ങൾ നമുക്കു മുന്നിലുണ്ട്. നാം പുസ്തകത്താളുകളിൽ നിന്ന് ഒരു വിവരം കണ്ടെത്തുന്നതിനേക്കാൾ വേഗത്തിൽ പുതിയ തലമുറ ഡിജിറ്റൽ വായനയിലൂടെ അത്തരം അറിവുകൾ കണ്ടെത്തുന്നു. ഏതു തരം അറിവുകളും സ്വായത്തമാക്കുകയാണ് അഭികാമ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സാഹിതി പ്രസിഡന്റ് വെഞ്ചേമ്പ് മോഹൻദാസ് അദ്ധ്യക്ഷനായി. സി.ബി.വിജയകുമാർ , ഡോ.ടി.വി.വേലായുധൻ, കെ.വിജയകുമാർ , ലതാ പയ്യാളിൽ , എച്ച്. സലിംരാജ്,ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു. കാവ്യസദസ് കെ.പ്രദീപ്‌ലാൽ ഉദ്ഘാടനം ചെയ്തു. കുമാർ പുനലൂർ സ്വാഗതവും ക്രിസ്റ്റഫർ രാജൻ നന്ദിയും പറഞ്ഞു.