
കൊല്ലം: ആശ്രാമം മൈതാനത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ കുന്നുകൂടിയിട്ടും നടപടിയെടുക്കാതെ അധികൃതർ. നഗരത്തിലെ സർക്കാർ പരിപാടികൾക്കും സ്വകാര്യ എക്സിബിഷനുകൾക്കും ആതിഥ്യം വഹിക്കുന്നത് ആശ്രാമം മൈതാനമാണ്. ഇവർ ഉപേക്ഷിക്കുന്ന പ്ളാസിറ്റിക് മാലിന്യങ്ങളാണ് മൈതാനത്ത് ചിതറിക്കിടക്കുന്നത്.
ഇതിനെതിരെ കോർപ്പറേഷനും പഞ്ചായത്തിനും നാട്ടുകാർ പരാതി നൽകിയിട്ടും നാളിതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അടുത്തിടെ ആശ്രാമം മൈതാനത്ത് അവസാനിച്ച എക്സിബിഷൻ നടത്തിപ്പുകാർ ഉപേക്ഷിച്ച ഫ്ളക്സ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ മൈതാനത്ത് കൂടിക്കിടക്കുകയാണ്. ഇവ കാറ്റടിച്ച് മൈതാനത്തിന്റെ നടപ്പാതയിലേക്കും എത്തി.
നടപ്പാതയുടെ പരിപാലനം ഡി.ടി.പി.സിയുടെ കീഴിലാണ്. എന്നാൽ മൈതാനത്തിന്റെ പരിപാലനം കോർപ്പറേഷനും മൈതാനത്ത് സ്ഥലം വിട്ടുനൽകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ റവന്യു വകുപ്പിന് കീഴിലുമാണ്. നടപ്പാതയുടെ പരിപാലനത്തിന് ആറ് ശുചീകരണ തൊഴിലാളികളെയാണ് ഡി.ടി.പി.സി നിയോഗിച്ചിട്ടുള്ളത്. നടപ്പാതയിലെ മാലിന്യം ഇവർ നീക്കുമെങ്കിലും മൈതാനത്തെ അവസ്ഥ പരിതാപകരമാണ്.
ഭക്ഷണാവശിഷ്ടങ്ങൾ വരെ മൈതാനത്ത് നിക്ഷേപിക്കുന്ന സ്ഥിതിയാണുള്ളത്. നിലവിലെ അവസ്ഥ ശുചിത്വമിഷനോടും ഹെൽത്ത് ഇൻസ്പെക്ടർമാരോടും പറഞ്ഞെങ്കിലും ഉത്തരവാദിത്തം റവന്യു വകുപ്പിനാണെന്ന് പറഞ്ഞ് കൈയൊഴിയുകയാണ്. ലക്ഷങ്ങൾ വാങ്ങി പരിപാടി നടത്താൻ അനുമതി നൽകുന്ന റവന്യു ഉദ്യോഗസ്ഥർ പരിപാടിക്ക് ശേഷം മൈതാനത്തെ മാലിന്യം നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
വ്യവസ്ഥ പാലിക്കാത്തത് വില്ലൻ
1. മൈതാനം വാടകയ്ക്ക് നൽകുമ്പോൾ തന്നെ പരിപാടി അവസാനിച്ച ശേഷം സ്ഥലം വൃത്തിയാക്കി നൽകണമെന്നാണ് വ്യവസ്ഥ
2. മൈതാനം പൂർവസ്ഥിതിയിലാക്കിയാൽ മാത്രമേ കെട്ടിവച്ച കാശ് റവന്യു വകുപ്പ് തിരികെ നൽകൂ
3. മൈതാനത്തിന്റെ അവസ്ഥ മനസിലാക്കാതെ കാശ് തിരികെ നൽകുന്ന സ്ഥിതിയാണെന്നാണ് ആക്ഷേപം
4. ഉപയോഗ ശേഷം വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ മഴയത്ത് അഴുകി ദുർഗന്ധം വമിക്കുന്ന നിലയിൽ
5. മാലിന്യങ്ങൾ വർദ്ധിക്കുന്നതിനാൽ മൈതാനത്ത് തെരുവ് നായശല്യവും രൂക്ഷം
ഇവിടം കടക്കാൻ മൂക്ക് പൊത്തണം
ആശ്രാമം മൈതാനത്ത് വ്യായാമത്തിനും നടക്കാനും വിശ്രമിക്കാനുമായി നൂറിലധികം പേരാണ് നിത്യേന എത്തുന്നത്. മൈതാനത്ത് കൂടി നടക്കുമ്പോൾ മൂക്ക് പൊത്താതെ നടക്കാനാകാത്ത സ്ഥിതിയാണ്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മാലിന്യങ്ങൾ ഇവിടെ വലിച്ചെറിയുന്നത്.
 
മൈതാനത്ത് പോത്തിനെ കെട്ടുന്നതും അപകടഭീഷണി ഉയർത്തുന്നു. പോത്തുകൾ നടപ്പാതയിലുൾപ്പടെ ചാണകവും മറ്റും ഇടുന്നത് വ്യായാമത്തിനെത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
പ്രഭാത നടത്തക്കാർ