
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ സംസ്ഥാന സർക്കാർ നിഷേധിക്കുന്നതായി കെ.പി.സി.സി സെക്രട്ടറി അഡ്വ. ബേബിസൺ. കൊല്ലം ആനന്ദവല്ലീശ്വരത്ത് നടന്ന തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് കൊല്ലം ഗ്രൂപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1949ലെ ഉടമ്പടി പ്രകാരം ബോർഡിന് അവകാശപ്പെട്ട വാർഷിക വിഹിതം രണ്ടേകാൽ കോടി രൂപ ഇപ്പോൾ നൽകുന്നില്ല. ദേശീയപാത വികസനത്തിന് ദേവസ്വം വസ്തുക്കൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തതിന്റെ നഷ്‌ടപരിഹാര തുകയും കൈമാറിയിട്ടില്ല.
കാൽ നൂറ്റാണ്ടായി ശബരിമല സാനിട്ടറി സൊസൈറ്റിക്ക് സർക്കാർ നൽകിയിരുന്ന വിഹിതവും ഇപ്പോൾ ബോർഡിന്റെ തലയിൽ വച്ചുകൊടുത്തു. ശബരിമല തീർത്ഥാടനം പടിവാതിൽക്കലെത്തിയിട്ടും വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്താൻ മുഖ്യമന്ത്രി ശബരിമല സന്ദർശിച്ചിട്ടില്ല. പ്രതിദിനം 90000 പേർ ദർശനം നടത്തിയിട്ടുള്ള ശബരിമലയിൽ വെർച്വൽ ക്യൂവിലൂടെ രജിസ്ട്രേഷൻ പരിമിതപ്പെടുത്തുന്നത് ദേവസ്വം ബോർഡിനെയും ശബരിമലയെയും തകർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ്.
നവോത്ഥാന-സാംസ്കാരിക നായകരെ അവഗണിച്ച് നടത്തിയ രജതജൂബിലി ആഘോഷങ്ങൾക്ക് ദേവസ്വം ഫണ്ട് വിനിയോഗിച്ചവർ ജീവനക്കാർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾക്ക് നേരെ മുഖം തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ചവറ ബാബു അദ്ധ്യക്ഷനായി. കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ഡി.ഗീതാകൃഷ്‌ണൻ, ഐ.എൻ.ടി.യു സംസ്ഥാന സെക്രട്ടറി ഒ.ബി.രാജേഷ്, എംപ്ലോയീസ് ഫ്രണ്ട് രക്ഷാധികാരി ജി.ബൈജു, സംസ്ഥാന പ്രസിഡന്റ് ബിജു.വി.നാഥ്, ജനറൽ സെക്രട്ടറിമാരായ നെയ്യാറ്റിൻകര പ്രവീൺ, ലിജു ചാവുമ്പ, കൊല്ലം സുനിൽ, പി.സുനിൽ, ജെ.വേണുഗോപാൽ, ചവറ ഗോപൻ, എഴുകോൺ രാജ് മോഹൻ, മുഖത്തല ജയചന്ദ്രൻ, ആനപ്പാറ ശ്യാം, കല്ലയം രാജേഷ്, വിനീത് തെക്കേക്കര, യു.മനോജ് കുമാർ, പത്മന ഗോപൻ, വി.വിനീത്, ആർ.സജീവ് കുമാർ എന്നിവർ സംസാരിച്ചു.