
കൊല്ലം: രാജ്യത്തെ ആദ്യ സസ്യശാസ്ത്രജ്ഞയായ ഡോ. ഇ.കെ.ജാനകി അമ്മാളിന്റെ സംഭാവനകൾ ചർച്ച ചെയ്ത് വടക്കേവിള ശ്രീനാരായണ കോളേജ് ഓഫ് ടെക്നോളജിയിൽ സംഘടിപ്പിച്ച “ജാനകീയം” സെമിനാർ.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ജി.ബൈജു സെമിനാർ ഉദ്ഘാടനം ചെയ്തു. കോളേജിൽ സ്ഥാപിച്ച ഡോ. ഇ.കെ. ജാനകി അമ്മാളിന്റെ ചിത്രവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ ട്രഷറർ ബാലചന്ദ്രൻ, വൈസ് പ്രസിഡന്റ് കൃഷ്ണഭദ്രൻ, ജോ. സെക്രട്ടറി എസ്.അജയ്, കോളേജ് യൂണിയൻ ചെയർമാൻ ശരത്ത് ഉല്ലാസ് എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി.അനിത ശങ്കർ സ്വാഗതവും ബയോസയൻസ് വിഭാഗം മേധാവി എസ്.സീത നന്ദിയും പറഞ്ഞു.
സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ്
നേടിയ ആദ്യ ഇന്ത്യൻ വനിത
ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞയും അമേരിക്കയിൽ നിന്ന് സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ഇന്ത്യൻ വനിതയുമാണ് തലശേരി സ്വദേശിനിയായ പത്മശ്രീ ഡോ. ഇ.കെ.ജാനകി അമ്മാൾ. സൈറ്റോജനറ്റിക്സ്, പ്ലാന്റ് ബ്രീഡിംഗ്, ഇവല്യുഷൻ, സൈറ്റോ ജിയോഗ്രഫി എന്നീ മേഖലകളിൽ ജാനകി അമ്മാൾ നൽകിയ സംഭാവനകൾ അദ്വിതീയമാണ്. ഇന്ത്യയിൽ തഴച്ചുവളരാൻ കഴിയുന്ന ഉയർന്ന വിളവ് തരുന്ന പുതിയ ഇനം കരിമ്പിന് രൂപം നൽകി ഇന്ത്യയെ രാജ്യാന്തര തലത്തിൽ പഞ്ചസാര ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് എത്തിച്ചത് ജാനകിഅമ്മാളിന്റെ പ്രയത്നമാണ്. സൈലന്റ് വാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചതിലും കുന്തിപ്പുഴയിൽ നടപ്പാക്കാനിരുന്ന ഹൈട്രോ ഇലക്ട്രിക് പ്രോജക് സർക്കാർ ഉപേക്ഷിച്ചതിലും പരിസ്ഥിതി പ്രവർത്തകകൂടിയായിരുന്ന ഡോ.ഇ.കെ. ജാനകി അമ്മാളിന്റെ ഇടപെടലുണ്ട്.