സോഹോ കോർപ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ കാമ്പസ്

കൊട്ടാരക്കര: കൊട്ടാരക്കരയിൽ രണ്ട് മിനി ഐ.ടി പാർക്കുകൾ ഉടനെത്തും. കൊട്ടാരക്കര ടൗണിലും നെടുവത്തൂർ ഗ്രാമപഞ്ചായത്തിലുമായിട്ടാണ് വലിയ തൊഴിൽ സാദ്ധ്യതകളുമായി ഐ.ടി പാർക്കുകളെത്തുക. രണ്ടിടത്തുമായി ഐ.ടി അനുബന്ധ മേഖലയിൽ 500 പ്രൊഫഷണലുകൾക്ക് ആദ്യഘട്ടത്തിൽ ജോലി ലഭിക്കും. ലോകോത്തര ഐ.ടി കമ്പനിയായ സോഹോ കോർപ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ കാമ്പസ് ഇവിടേക്ക് എത്തുന്നത്. ഐ.ടി കമ്പനിയ്ക്ക് ആവശ്യമായ ഭൂമിയും കെട്ടിടവുമടക്കം സോഹോ കോർപ്പറേഷന് ലഭ്യമാക്കിയിട്ടുണ്ട്. ഐ.ടി കാമ്പസിന് ഏറ്റവും അനുയോജ്യമായ മേഖല എന്ന നിലയിലാണ് സോഹോ കോർപ്പറേഷൻ കൊട്ടാരക്കരയെ തിരഞ്ഞെടുത്തത്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഊർജ്ജിതമായ ഇടപെടലാണ് ഈ വലിയ സാദ്ധ്യതകൾക്ക് വഴിതുറന്നത്.

വർക്ക് നിയർ ഹോം

സംസ്ഥാന സർക്കാരിന്റെ വർക്ക് നിയർ ഹോം പദ്ധതിയിലെ ആദ്യ വർക്ക് സ്റ്റേഷൻ കൊട്ടാരക്കര ബി.എസ്.എൻ.എൽ വളപ്പിലായി തുടങ്ങുകയാണ്. 12,000 ചതുരശ്ര അടി വിസ്തീർണമുള്ള ഐ.ടി പാർക്കായിട്ടാണ് ഇത് സജ്ജീകരിക്കുന്നത്. അടുത്ത ആഴ്ചയോടെ ഇതിന്റെ സജ്ജീകരണ പ്രവർത്തനങ്ങൾ തുടങ്ങാനാകും. വീടിനടുത്തുതന്നെ എല്ലാവിധ സൗകര്യങ്ങളോടുംകൂടി 250 ഐ.ടി പ്രൊഫഷണലുകൾക്ക് ഐ.ടി, അനുബന്ധ മേഖലയിലുള്ളവർക്ക് ജോലി ചെയ്യാനാകും.