കരുനാഗപ്പള്ളി : അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തയ്യൽ- നിർമ്മാണ തൊഴിലാളികളുടെ കുടിശിക പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് തയ്യൽ തൊഴിലാളി കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണ തൊഴിലാളികളുടെ 16 മാസത്തെ പെൻഷൻ കുടിശ്ശികയാണ് വിതരണം ചെയ്യാനുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി ക്ഷേമനിധി വഴിയുള്ള ഒരു ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിക്കുന്നില്ല. മരണാനന്തര - ചികിത്സാ സഹായങ്ങൾക്കുള്ള അപേക്ഷകൾ പരിഹരിക്കാൻ കഴിയാതെ ക്ഷേമനിധി ഓഫീസുകളിൽ കെട്ടിക്കിടക്കുകയാണെന്നും ഭൂരിഭാഗം ക്ഷേമനിധി ബോർഡുകളും തകർച്ചയുടെ വക്കിലാണെന്നും യോഗം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് സബീർ വവ്വാക്കാവ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി ബാബു അമ്മവീട് യോഗം ഉദ്ഘാടനം ചെയ്തു.ശൂരനാട് സരസചന്ദ്രൻപിള്ള, ശുഭകുമാരി ദ്വാരക, ശകുന്തള അമ്മവീട്,
ജലജ ശിവശങ്കരൻ, സുബൈദ റസാക്ക്, മണിയമ്മ രാജൻ, കുന്നേൽ ശ്രീജ, സാലിഹ, നിഷ ആനുകാവ്,ബീന കുമാരി എന്നിവർ സംസാരിച്ചു.