drone

കൊല്ലം: കൊട്ടാരക്കരയിൽ ഡ്രോൺ റിസർച്ച് പാർക്ക് ഉയരും. കേരള അക്കാഡമി ഒഫ് സ്കിൽ എക്സലൻസുമായി സഹകരിച്ചാണ് പാർക്ക് സ്ഥാപിക്കുന്നത്. മേഖലയിലെ സംസ്ഥാന ഏജൻസികൾ, സായുധ സേനകൾ, ഗവേഷണ ഗ്രൂപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകരും വ്യക്തികളുമൊക്കെ പങ്കാളികളാകും.

ഇവയെല്ലാം ഉൾപ്പെടുന്ന ഗ്രൂപ്പ് ഗവേഷണങ്ങളിലൂടെ നൈപുണ്യമുള്ള മനുഷ്യ വിഭവശേഷി വികസിപ്പിക്കുന്നതിനും കമ്മ്യുണിറ്റി പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുമുള്ള വിജ്ഞാന കേന്ദ്രം കൂടിയായി ഡ്രോൺ റിസർച്ച് പാർക്ക് മാറും. ഡ്രോൺ പരിശോധനയ്ക്കും ഗവേഷണത്തിനുമുള്ള സൗകര്യങ്ങളാണ് സജ്ജമാക്കുന്നത്.

ഈ രംഗത്ത് പുതിയ ഗവേഷണ പ്രവർത്തനങ്ങൾക്കടക്കം നേതൃത്വം നൽകുന്ന കേന്ദ്രവുമാകും ഇവിടം. ചെന്നൈ ഐ.ഐ.ടിയുടെ സാങ്കേതിക സഹായവും ഡ്രോൺ റിസർച്ച് പാർക്കിന് ലഭിക്കും. കൊട്ടാരക്കര നഗരഹൃദയത്തിൽ തന്നെ പാർക്കിനുള്ള സ്ഥലം കണ്ടെത്താനാണ് ശ്രമം. ഇക്കാര്യത്തിൽ ഏറെക്കുറെ ധാരണയായിട്ടുണ്ട്.

സാദ്ധ്യതകൾ സമഗ്രം

 ഗവേഷണത്തിനും വിശകലനത്തിനും അത്യാധുനിക മുഖം

 നവീകരണം, വിജ്ഞാന വ്യാപനം, പിന്തുണാ കേന്ദ്രം എന്നിവ വികസിപ്പിക്കുന്നതിന് ഉപകരിക്കും

 സർക്കാർ- സ്വകാര്യ ഏജൻസികളുമായുള്ള ബന്ധം വളർത്താം

 കൂടുതൽ പേർക്ക് തൊഴിലവസരങ്ങൾ

 അടിയന്തര സാഹചര്യങ്ങൾ പരിഹരിക്കാനും നിരീക്ഷിക്കാനും ഉപകരിക്കും

 ഫലപ്രദമായ വിജ്ഞാന ശേഷി വർദ്ധിപ്പിക്കൽ

കൊട്ടാരക്കരയിൽ രണ്ട് മിനി ഐ.ടി പാർക്കുകൾ ഉടൻ സ്ഥാപിക്കും. അതിനൊപ്പമാണ് വലിയ സാദ്ധ്യതകളുമായി ഡ്രോൺ റിസർച്ച് പാർക്കും എത്തുക.

കെ.എൻ.ബാലഗോപാൽ, മന്ത്രി