കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ പ്ലാച്ചേരിക്ക് സമീപത്തെ കൊടുവളവിൽ ലോറിയും മിനി വാനും കൂട്ടിയിടിച്ച് വാൻ ഡ്രൈവർക്ക് നിസാര പരിക്ക്. ഗതാഗതം തടസപ്പെട്ടു. ചാലക്കുടി സ്വദേശി സുബിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. ചാലക്കുടിയിൽ നിന്ന് ഇടമണിൽ ക്ലീനിംഗ് സാധനങ്ങൾ ഇറക്കിയ ശേഷം മിനി വാൻ തിരിച്ച് കൊല്ലത്തേക്ക് മടങ്ങി പോകുന്നതിനിടെ എതിർ ദിശയിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടന്ന് പോയ ലോറിയുടെ വലത് വശത്തെ ഡീസൽ ടാങ്കിന്റെ ഇരുമ്പ് കവറിംഗ് ഭാഗമാണ് മിനി വാനിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡീസൽ ടാങ്ക് പൊട്ടി ഒഴുകി. അപകടത്തെ തുടർന്ന് ദേശിയ പാതയുടെ ഇരുഭാഗങ്ങളിലും കെ.എസ്.ആർ.ടി.സി ബസ് അടക്കമുള്ള വാഹനങ്ങളുടെ നീണ്ട് നിരയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ഹൈവേ പൊലീസ് റിക്കവറി വാൻ ഉപയോഗിച്ച് മിനി വാനെ മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു.