ചാത്തന്നൂർ: ചാത്തന്നൂർ താഴം ചാമവിള ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ദേവി സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. സ്കൂൾ ഓഫീസ് മുറിയുടെ കതകുകൾ പൊളിച്ച് അകത്തു കയറിയവർ അലമാരയിൽ ഇരുന്ന ഫയലുകൾ, പുസ്തകങ്ങൾ ഡയറികൾ എന്നിവ കൂട്ടത്തോടെ കത്തിച്ചു. പ്രിൻസിപ്പലിന്റെ മേശയുടെ ക്ലാസുകൾ പൊട്ടിച്ച് മേശയും തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. അലമാരകളെല്ലാം കേടുവരുത്തുകയും ചെയ്തു. ഒരു ക്ലാസ് മുറിയുടെ കതക് തകർത്ത് ക്ലാസ് റൂമിൽ ഉണ്ടായിരുന്ന പുസ്തകങ്ങളും ഡയറികളും തീയിട്ട് നശിപ്പിച്ചു. രാവിലെ സ്കൂളിലെത്തിയ ജീവനക്കാരൻ ഓഫീസ് റൂം തുറന്നു കിടക്കുന്നത് കണ്ട് സ്കൂൾ പ്രിൻസിപ്പലിനെ വിവരം അറിയിക്കുകയായിരുന്നു. ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തിയപ്പോഴും സ്കൂളിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. പുലർച്ചെ രണ്ടരയോടെ സ്കൂളിൽ നിന്ന് ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു. പരിസരത്തെ വീടുകളിലെ കുളിമുറിയിലെ ടാപ്പുകൾക്കും കേടുവരുത്തിയതായി സമീപവാസികൾ പറയുന്നു. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തുകയും ചാത്തന്നൂർ പൊലീസ് കേസെടുക്കുകയും ചെയ്തു.