
എഴുകോൺ: 22 വർഷം മുമ്പത്തെ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ എഴുകോൺ പൊലീസ് പിടികൂടി. കോട്ടയം മീനച്ചിൽ സ്വദേശി ജോസാണ് (64, ചെറുപുഷ്പം ജോസ്) പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.
നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ജോസ്. എഴുകോൺ സ്റ്റേഷൻ പരിധിയിൽ 22 വർഷം മുമ്പ് നടന്ന ഭവനഭേദനത്തിൽ കോഡ്ലെസ് ഫോണടക്കമുള്ള ഗൃഹോപകരണങ്ങളും സാരിയും പണവുമാണ് കവർന്നത്. ഈ കേസിൽ പിടിയിലായി വിചാരണ നേരിട്ട ഇയാൾ ശിക്ഷാവിധിക്ക് പിന്നാലെ കോടതിയെ കബളിപ്പിച്ച് മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം എഴുകോൺ എസ്.എച്ച്.ഒ സുധീഷ് കുമാർ, എസ്.ഐ അനീസ്, സി.പി.ഒമാരായ അജിത്ത്, വിനീത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.