
ഓടനാവട്ടം: വെളിയത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടകളിലേയ്ക്ക് ഇടിച്ചുകയറി മൂന്ന് വിദ്യാർത്ഥികളടക്കം നാലുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്. കടമുറിക്ക് മുന്നിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വെളിയം ഗവ. ഐ.ടി.ഐ വിദ്യാർത്ഥികളായ തലവൂർ പാറവിള വീട്ടിൽ ഉമേഷ് (18), ചേത്തടി ഞാറകുഴി വീട്ടിൽ മിഥിൻ മോഹൻ (18), സ്കൂൾ വിദ്യാർത്ഥിനി വെളിയം കോളനിയിൽ ചരുവിള പുത്തൻ വീട്ടിൽ അനന്യ സുരേഷ് (14), വെളിയം അനുനിവാസിൽ ശോഭന (50) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായ ഉമേഷിനെയും മിഥുൻ മോഹനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശോഭനയും അനന്യസുരേഷും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് നാലോടെ വെളിയം മാവിള ജംഗ്ഷനിലായിരുന്നു അപകടം. ഓയൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് വന്ന ഉപാസന ബസ് നിയന്ത്രണം വിട്ട് മാവിളയിൽ പന്തപ്ലാവിൽ ബേക്കറി ബിൽഡിംഗിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ സ്ഥലത്തുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ട് കടമുറികളുടെ മേൽക്കൂരയുടെ ഷെയ്ഡ്, ബോർഡ്, ഷട്ടർ എന്നിവയ്ക്ക് കാര്യമായ കേടുപാട് സംഭവിച്ചു. കട അടവായിരുന്നതിനാൽ വലിയ അത്യാഹിതം ഒഴിവായി. അപകടത്തിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് ജന്നി വന്നതാണ് നിയന്ത്രണം നഷ്ടമാകാൻ കാരണമെന്ന് കരുതുന്നതായി പൂയപ്പള്ളി പൊലീസ് പറഞ്ഞു. അപകടത്തിന് പിന്നാലെ ബസിൽ ബോധരഹിതനായി വീണ ഡ്രൈവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.