കൊല്ലം: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉളിയക്കോവിൽ സർവീസ് സഹകരണ ബാങ്കിന് അനുവദിച്ച ഹൈസ്‌കൂൾ ജംഗ്ഷനിലെ കേരളഗ്രോ ബ്രാൻഡഡ് ഷോപ്പിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി പി.പ്രസാദ് നിർവഹിക്കും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. കർഷകർ, കർഷക സംഘങ്ങൾ, കൃഷിക്കൂട്ടങ്ങൾ, ഫാമുകൾ, എഫ്.പി.ഒകൾ എന്നിവരുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളും ചെറുധാന്യ ഉത്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന തരത്തിൽ വിപണി ഒരുക്കുന്നതിന്റെ ഭാഗമായാണ് കേരളഗ്രോ ഔട്ട്‌ലെറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.
കർഷകർ ഉത്പാദിപ്പിക്കുന്നതും 'കേരളഗ്രോ ബ്രാൻഡ്' ലഭിച്ചതുമായ ഉത്പന്നങ്ങൾ വിറ്റഴിക്കുകയാണ് ലക്ഷ്യം. എൻ.കെ.പ്രേമചന്ദ്രൻ എം.പി മുഖ്യാതിഥിയാകും. മേയർ പ്രസന്ന ഏണസ്റ്റ് ആദ്യവിൽപന നടത്തും. ഉളിയക്കോവിൽ സർവീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് അഡ്വ. വി.രാജേന്ദ്രബാബു, കൃഷി വകുപ്പ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള, കളക്ടർ എൻ.ദേവിദാസ്, ഡെപ്യുട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ പങ്കെടുക്കും.