
പടിഞ്ഞാറെ കല്ലട: സംസ്ഥാന സ്കൂൾ കായികമേള മത്സരത്തിൽ വെള്ളി മെഡൽ നേടിയ വെസ്റ്റ് കല്ലട ഗവ.ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി മോസസ് ബിനുവിന് ജന്മനാട്ടിൽ സ്വീകരണം നൽകി. കഴിഞ്ഞദിവസം രാവിലെ 9ന് സ്കൂളിലെ എസ്.പി.സികളുടെയും ബാൻഡ് ട്രൂപ്പുകളുടെയും അകമ്പടിയോടെ ഒരുക്കിയ സ്വീകരണപരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്ര പഞ്ചായത്ത് ഓഫീസിൽ എത്തിയതോടെ ഗ്രാമപഞ്ചായത്ത് ജീവനക്കാരും പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണനും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചേർന്ന് സ്വീകരണം നൽകി.തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ സ്കൂളുകൾ ക്ലബ്ബുകൾ ഓട്ടോ തൊഴിലാളികൾ കല്ലട സൗഹൃദം കൂട്ടായ്മ എന്നിവരും സ്വീകരണ വേളയിൽ മോസസ് ബിനുവിനെ ആദരിച്ചു. സ്കൂൾ പ്രഥമ അദ്ധ്യാപിക സുമ,ഗ്രാമപഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡന്റുമായ കെ.സുധീർ കായികാദ്ധ്യാപകൻ ശ്രീകുമാർ എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.