subin-s-kumar

എഴുകോൺ: ഭാര്യയടക്കമുള്ള ബന്ധുക്കൾക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും ലഭിച്ചതിനെ തുടർന്ന് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായ യുവാവ് തൂങ്ങിമരിച്ചതായി പരാതി. എഴുകോൺ കാരുവേലിൽ പ്ലാക്കാട് മലയിൽ പുത്തൻവീട്ടിൽ സുബാഷിന്റെയും അംബികയുടെയും മകൻ സുബിൻ.എസ്.കുമാറാണ് (36) മരിച്ചത്.

സുബിൻ ജോലി ചെയ്തിരുന്ന എറണാകുളം നോർത്ത് പറവൂരിലെ താമസ സ്ഥലത്ത് തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. നോർത്ത് പറവൂരിലെ ഗോൾഡൻ പാലസ് ത്രീ സ്റ്റാർ ബാർ ഹോട്ടലിലെ ഷെഫായിരുന്നു സുബിൻ. ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ സുബിൻ വർഷങ്ങളായി ഈ മേഖലയിലാണ് ജോലി ചെയ്യുന്നത്. സുബിനൊപ്പം ജോലി ചെയ്തിരുന്ന അസാം സ്വദേശിയായ യുവാവ് ഇയാളുടെ സിംകാർഡും മറ്റ് രേഖകളും കൈക്കലാക്കി വ്യാജ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് അച്ഛൻ സുബാഷ് നോർത്ത് പറവൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

ഇവരുടെ ഭീഷണി സുബിന് ഉണ്ടായിരുന്നു. മരണ ദിവസം രാവിലെ സുബിൻ ഭാര്യയെ വിളിച്ച് ഇത് സംബന്ധിച്ച് ചില സൂചനകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സുബിന്റെ ചിത്രത്തിനൊപ്പം പുരുഷ ലിംഗം ചേർത്തുള്ള അശ്ലീല ദൃശ്യങ്ങൾ ഭാര്യ ആതിരയ്ക്കും അച്ഛനും അടുത്ത സുഹൃത്തുക്കൾക്കും വാട്സാപ്പിൽ ലഭിച്ചത്. ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള അശ്ലീല ശബ്ദ സന്ദേശങ്ങളും ഉണ്ടായിരുന്നു.

ഉച്ചയോടെ സുബിന്റെ ഫോൺ സ്വിച്ച് ഓഫായ നിലയിൽ ആയതിനെ തുടർന്ന് ബന്ധുക്കൾ വിവരം നൽകിയതിൻ പ്രകാരം ഹോട്ടൽ അധികൃതർ നടത്തിയ പരിശോധനയിലാണ് താമസിച്ചിരുന്ന മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സുബിനെ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 10ന് പ്ലാക്കാട് പൊതു ശ്മശാനത്തിൽ സംസ്കരിക്കും. സംഭവത്തിൽ അസാം സ്വദേശി നിരീക്ഷണത്തിലാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും നോർത്ത് പറവൂർ എസ്.ഐ അൻസർ പറഞ്ഞു. മകൻ: ദേവിക് സുബിൻ.