praveen-raj

കൊല്ലം: ദേവ് സ്നാക്സിന്റെ ചെന്നൈ ബ്രാഞ്ചിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ജീവനക്കാരൻ അറസ്റ്റിൽ. സെയിൽസ് മാനേജറായ കിളികൊല്ലൂർ എം.ജി നഗർ 100 വയലിൽ വീട്ടിൽ ആർ.പ്രവീൺ രാജാണ് (36) കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.

2023 ആഗസ്റ്റ് 1 മുതൽ 2024 ജൂലായ് 31 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. 29 ലക്ഷത്തോളം രൂപയാണ് പലപ്പോഴായി തട്ടിയെടുത്തത്. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപനത്തിലെ ഉത്പന്നങ്ങൾ വിതരണം ചെയ്ത ശേഷം കളക്ഷൻ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറാതെ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. മൂന്നുമാസം മുമ്പ് സ്ഥാപനത്തിലെ ഫിനാൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അക്കൗണ്ടിൽ പണം ലഭിക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ കടകളിൽ നിന്ന് നൽകുന്നില്ലെന്നാണ് ആദ്യം മറുപടി നൽകിയത്. എന്നാൽ പിന്നീട് ഇയാളുടെ ബാങ്ക് സേറ്റ്മെന്റ് ഉൾപ്പടെ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ സത്യം കണ്ടെത്തുകയായിരുന്നു.

വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പണം ചെലവഴിച്ചിരുന്നത്. അഞ്ചുവർഷം മുമ്പാണ് ആർ.പ്രവീൺ രാജ് സ്ഥാപനത്തിൽ ജോലിക്ക് കയറിയത്. കണക്കുകൾ നോക്കാനെന്ന് വിശ്വസിപ്പിച്ച് ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്.

തട്ടിപ്പിന് മറ്റാരുടെയെങ്കിലും കൂട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽ കുമാർ, എസ്.ഐമാരായ ജോയി, സുമേഷ്, ഷബ്‌ന, സി.പി.ഓമാരായ അനു.ആർ.നാഥ്, ഷഫീക്ക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.