s

കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ നാട്ടുകല്ല് എണ്ണപ്പന തോട്ടത്തിന് സമീപം ആൾതാമസം ഇല്ലാതെ അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് നാടൻതോക്ക് കണ്ടെത്തി. ജസ്‌ന മനസിൽ ജലാലുദ്ദീന്റെ വീട്ടിൽ ചൊവ്വാഴ്ച രാത്രി 11 ഓടെയാണ് തോക്ക് കണ്ടെത്തിയത്.

ചൊവ്വാഴ്ച വീട്ടുപറമ്പിലെ തേങ്ങ ഇടാനാണ് ജലാലുദ്ദീൻ ജോലിക്കാരനുമായി എത്തിയത്. തേങ്ങയിട്ട് അരിപ്പയിലെ കടയിൽ വിറ്ര ശേഷം രാത്രി 8 ഓടെ തിരികെയെത്തി. കിടക്കാനായി പോകുമ്പോൾ മെത്തയുടെ അടിയിൽ എന്തോ തട്ടുന്നതായി തോന്നി. മെത്ത പൊക്കി നോക്കിയപ്പോൾ തോക്ക് കണ്ടെത്തുകയായിരുന്നു. ഉടൻ അരിപ്പ ക്യാമ്പിംഗ് സ്റ്റേഷൻ വനപാലകരെ വിവരം അറിയിച്ചു. ഏഴംകുളം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ അനിൽ കുമാർ, നൗഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജിഷ ജി.നായർ, റിസർവ് ഫോറസ്റ്റ് വാച്ചർ അനൂപ് ഭാസ്കർ, ഫോറസ്റ്റ് വാച്ചർ ബാഹുലേയൻ നായർ എന്നിവർ അടങ്ങുന്ന സംഘം ജലാലുദ്ദീന്റെ വീട്ടിലെത്തി തോക്ക് കണ്ടെടുത്തു. വനപാലകർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ചിതറ പൊലീസ് തോക്ക് കസ്റ്റഡിയിലെടുത്ത് ബാലിസ്റ്റിക് പരിശോധനയ്ക്കായി കൈമാറി.

വെടിമരുന്നും ലെഡും ആണികളും ബാറ്ററിയും ഉപയോഗിച്ച് വെടിയുതിർക്കുന്ന തരം തോക്കാണ് കണ്ടെത്തിയത്. ബാറ്ററിയിൽ നിന്ന് വൈദ്യുതി കടത്തിവിട്ട് തീപ്പൊരി സൃഷ്ടിച്ചാണ് തിരയുതിർക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കണ്ടെടുക്കുമ്പോൾ തോക്കിൽ തിരകളുണ്ടായിരുന്നില്ല. വീടിന്റെ മേൽക്കൂരയുടെ പലഭാഗവും തകർന്നിരിക്കുകയാണ്. ഇതുവഴി അകത്ത് കടന്നാകാം തോക്ക് വീടിനുള്ളിൽ വച്ചതെന്ന് പൊലീസ് സംശയിക്കുന്നു. പന്നിയെ വെടിവയ്ക്കാനായി ഉപയോഗിച്ചതാണോയെന്നും സംശയിക്കന്നുണ്ട്. പ്രദേശവാസികളായ രണ്ടുപേരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രദേശത്ത് രാത്രികാലങ്ങളിലടക്കം വന്നുപോയവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ചിതറ പൊലീസ് ഇൻസ്പെക്ടർ സന്തോഷ്‌ പറഞ്ഞു.