കൊല്ലം: കൊല്ലം ട്രാവൻകൂർ മെഡിസിറ്റി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലും സർക്കിൾ ഒഫ് കൈൻഡൻസ് ഓർഗനൈസേഷനും ചേർന്ന് അന്താരാഷ്ട്ര ബ്രെസ്റ്റ് കാൻസർ കോൺഫറൻസ് കോയിൻസ് കോൺ സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 16, 17 തീയതികളിലാണ് പരിപാടികൾ. 16ന് രാവിലെ മുതൽ ബ്രെസ്റ്റ് കാൻസർ സർജറിയിലെ നൂതന ചികിത്സാ രീതികളുമായി ബന്ധപ്പെട്ട് മെഡിസിറ്റി ഹോസ്പിറ്റലിൽ ശില്പശാല നടത്തും. തുടർന്ന് വൈകിട്ട് റാവിസ് ഹോട്ടലിൽ കോൺഫറൻസ് സംഘടിപ്പിക്കും. 17നും രാവിലെ മുതൽ കോൺഫറൻസ് തുടരും. ഇറ്റലിയിൽ നിന്ന് ബ്രെസ്റ്റ് കാൻസർ വിദഗ്ദ്ധരായിട്ടുള്ള ബ്രെസ്റ്റ് മെഡിക്കൽ ഓങ്കോളജിസ്റ്റുകളും ബ്രെസ്റ്റ് ഓങ്കോപ്ളാസ്റ്റിക് സർജന്മാരും ഉൾപ്പെടുന്ന വിദഗ്ദ്ധ സംഘം പങ്കെടുക്കുന്നുണ്ട്. ദേശീയ- സംസ്ഥാന തലത്തിലെ വിദഗ്ദ്ധ കാൻസർ സ്പെഷ്യലിസ്റ്റുകൾ പുതിയ ചികിത്സാ രീതികൾ പങ്കുവയ്ക്കും. ഈ മേഖലയിലെ ഡോക്ടർമാർക്ക് പങ്കെടുക്കാം. ഒപ്പം വിവിധ കോളേജുകളുമായി ബന്ധപ്പെട്ട് കാൻസർ പ്രതിരോധ മുൻകരുതലുകളെപ്പറ്റി പൊതുജനാരോഗ്യ പരിപാടിയും ട്രാവൻകൂർ മെഡിസിറ്റിയുടെ മാമോഗ്രാം സ്ക്രീനിംഗ് പരിപാടിയുടെ ഉദ്ഘാടനവും നടത്തുന്നുണ്ട്. മാറിടങ്ങൾ നീക്കം ചെയ്യാതെയും ശസ്ത്രക്രിയയുടെ മുറിപ്പാടുകളില്ലാതെയും ബ്രെസ്റ്റ് കാൻസർ ചികിത്സ നടത്തുന്ന ആധുനിക രീതികളാണ് ചർച്ചചെയ്യപ്പെടുന്നത്. ശില്പശാലയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേർക്ക് സൗജന്യമായി ബ്രെസ്റ്റ് കാൻസർ ചികിത്സാ സൗകര്യം നടത്തുമെന്ന് സംഘാടകരായ ട്രാവൻകൂർ മെഡിസിറ്റി കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ.സമീർ സലാഹുദ്ദീൻ, ഡോ.എ.മുനീർ, ഉവൈസ് നാസർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.