ചാത്തന്നൂർ: ചാത്തന്നൂർ, ചിറക്കര പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പോളച്ചിറ ഏലയുടെ വടക്കു ഭാഗത്തെ മൺപാത കൈയേറി ഇഴജന്തുക്കളും നായ്ക്കളും ഒപ്പം സാമൂഹ്യവിരുദ്ധരും! പകൽ പോലും പ്രദേശവാസികൾക്ക് വഴിനടക്കാനാവാത്ത അവസ്ഥയാണിപ്പോൾ.
മീനാട് പാലത്തിനടുത്തു നിന്ന് പോളച്ചിറ ലോഡ് കൃഷ്ണ സ്കൂളിന് സമീപം വരെയുള്ള റോഡാണിത്. പാലം മുതൽ മണ്ണാത്തിപ്പാറ വരെ റോഡ് കോൺക്രീറ്റ് ചെയ്തു. വഴി വിളക്കുകളും സ്ഥാപിച്ചു. എന്നാൽ മണ്ണാത്തിപ്പാറ മുതൽ ലോഡ് കൃഷ്ണ സ്കൂൾ വരെ വഴിവിളക്കില്ലാതെ മൺപാതയാണ് ഇപ്പോഴും. കാട് മൂടി കിടക്കുന്നതിനാൽ ഇറച്ചി മാലിന്യം ഉൾപ്പെടെ ഇവിടെ നിക്ഷേപിക്കുന്നുണ്ട്. പ്രദേശത്തെ മുപ്പതിലേറെ കുടുംബങ്ങളുടെ ആശ്രയമാണ് ഈ വഴി. സാമൂഹ്യവിരുദ്ധ ശല്യം മൂലം, സന്ധ്യ മയങ്ങിയാൽ ആനന്ദ വിലാസം ഭഗവതി ക്ഷേത്രത്തിന്റെ മുന്നിലൂടെ കിലോമീറ്റർ ചുറ്റി വേണം വീടുകളിൽ എത്താൻ.
മണ്ണാത്തിപ്പാറയിലെ വൈദ്യുതി പോസ്റ്റിലേക്ക് വള്ളിച്ചെടികൾ വളർന്നു കയറിയിട്ടും കെ.എസ്.ഇ.ബി അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.
അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു പരിഗണനയും ലഭിക്കാത്ത പോളച്ചിറ- മണ്ണാത്തിപ്പാറ റോഡിലെ കാടുകൾ എത്രയും വേഗം വെട്ടിത്തെളിക്കണമെന്നാണ് നാടിന്റെ ആവശ്യം.