കൊല്ലം: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇടത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് വില ഏകീകരിച്ച് കളക്ടർ എൻ.ദേവിദാസ് ഉത്തരവിട്ടു. പുനലൂർ താലൂക്കിലെ പുനലൂർ മുനിസിപ്പാലിറ്റി, ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, പത്തനാപുരം താലൂക്കിലെ പത്തനാപുരം ടൗൺ, പിറവന്തൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങളടങ്ങിയ ഇടത്താവളങ്ങളിലുള്ള ഹോട്ടലുകളിലെ സസ്യ ഭക്ഷണ സാധനങ്ങൾക്കാണ് വില ഏകീകരിച്ചത്.
അമിതവില ഈടാക്കൽ, അളവിൽ കുറവ് നൽകൽ എന്നിവയിലൂടെ തീർത്ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. വിലവിവര പട്ടിക പുനലൂർ, പത്തനാപുരം താലൂക്കിലെ ഇടത്താവളങ്ങൾ അടക്കമുള്ള തീർത്ഥാടന പാതകളിലെ സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാർ ഹോട്ടലുകൾ എന്നിവ ഒഴികയുള്ള ഹോട്ടലുകളിൽ ഉപഭോക്താക്കൾ കാണത്തക്കവിധം ആറ് ഭാഷകളിൽ വ്യക്തമായി പ്രദർശിപ്പിക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു. വിലനിലവാരം പ്രദർശിപ്പിക്കാത്തവർക്കെതിരെയും നിശ്ചിത വിലയേക്കാൾ കൂടുതൽ ഈടാക്കുന്നവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കും.