kinar

കുന്നത്തൂർ: സ്കൂൾ വളപ്പിലെ അറുപതടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കുന്നത്തൂർ എം.ടി യു.പി സ്കൂൾ വിദ്യാർത്ഥി കുന്നത്തൂർ തുരുത്തിക്കര പുത്തൻ കെട്ടിടത്തിൽ വീട്ടിൽ (താഴെ വിളയിൽ) ഫെബിൻ ലാലച്ചനാണ് (13) പരിക്കേറ്റത്.

ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. സ്കൂളിലെത്തിയ ഫെബിൻ സഹപാഠിയുമൊത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കിണറ്റിൽ വീണത്. കിണറിന്റെ കഷ്ടിച്ച് മൂന്നടി മാത്രം ഉയരമുള്ള കൽക്കെട്ടിൽ ഇരിക്കുകയായിരുന്ന ഫെബിൻ ഇരുമ്പ് നെറ്റ് തകർന്ന് താഴേക്ക് വീഴുകയായിരുന്നു.

ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സ്കൂൾ ജീവനക്കാരൻ സിജു തോമസ് സാഹസികമായി കിണറ്റിലിറങ്ങി ഫെബിനെ താങ്ങിയെടുത്തു. കിണറ്റിൽ കൂടുതൽ വെള്ളമില്ലാത്തതിനാൽ മുങ്ങിപ്പോയില്ല. സ്ഥലത്തെത്തിയ ശാസ്താംകോട്ട ഫയർഫോഴ്സ് ഫെബിനെ കരയ്ക്കെത്തിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സ്കൂൾ കെട്ടിടത്തിന് തൊട്ടടുത്തുള്ള കിണറിന് കാര്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്ന് ആരോപണമുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡി.ഡി.ഇ കെ.ഐ.ലാൽ പറഞ്ഞു.