ligh

കൊല്ലം: പത്ത് ദിവസത്തെ ഇരുട്ടിന് ശേഷം തേവള്ളി പാലത്തിലെ തെരുവ് വിളക്കുകൾ ഇന്നലെ മുതൽ പ്രകാശിച്ച് തുടങ്ങി. തെരുവ് വിളക്കുകൾ കത്താത്തതിനെ തുടർന്ന് പാലം ഇരുട്ടിലായിരുന്നത് യാത്രക്കാരെയും കാൽനട യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കിയിരുന്നു.

പാലത്തിലെ വിളക്കുകൾ പ്രകാശിക്കാത്തതിനെ കുറിച്ച് കേരളകൗമുദി കഴിഞ്ഞ 4ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവിഷൻ കൗൺസിലർ വിഷയം കോർപ്പറേഷനിൽ അറിയിക്കുകയും തുടർന്ന് കരാർകമ്പനിക്ക് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വിളക്കുകൾ പ്രകാശിച്ച് തുടങ്ങിയത്.

19 വിളക്കുകളാണ് പാലത്തിന്റെ ഇരു ഭാഗങ്ങളിലുമായി ഉള്ളത്. പാലത്തിന്റെ മേൽനോട്ട ചുമതല കോർപ്പറേഷനാണെങ്കിലും വിളക്കുകളുടെ പരിപാലന ചുമതല പാലത്തിൽ പരസ്യം സ്ഥാപിച്ചിരിക്കുന്ന ഏജൻസിക്കാണ്. ഏജൻസിയുടെ വീഴ്ചമൂലമാണ് അടിക്കടി പാലത്തിലെ വിളക്കുകൾ തകരാറിലാകുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

പാലത്തിൽ രാത്രിയിൽ നിരവധി പേരാണ് സമയം ചെലവഴിക്കാനും സമീപത്തെ പള്ളിയിലേക്കും പോകാനുമായി ഇതുവഴി എത്തുന്നത്. വെളിച്ചമില്ലാത്തത് വാഹനം ഇടിക്കാനുള്ള സാദ്ധ്യതയും ഉയർത്തിയിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.


തെരുവുനായ ഭീഷണിയിൽ

ഇരുചക്ര യാത്രക്കാർ
കോർപ്പറേഷനിലെ അഞ്ച് ഡിവിഷനുകളിലെയും രണ്ട് പഞ്ചായത്തിലെയും ആളുകൾ നഗരത്തിലെത്താൻ ആശ്രയിക്കുന്നത് തേവള്ളി പാലത്തെയാണ്. ഇരുട്ടിൽ തെരുവുനായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേക്ക് ചാടുന്നത് മൂലമുണ്ടാകുന്ന അപകങ്ങളും പതിവായിട്ടുണ്ട്. സമീപത്തെ പള്ളിയിലെത്തി മടങ്ങിപ്പോകുന്നവർ പാലത്തിലൂടെ വരുന്ന വാഹനങ്ങളുടെ വെളിച്ചത്തിലാണ് പലപ്പോഴും റോഡ് മുറിച്ചുകടക്കുന്നത്. രാത്രിയിൽ അറവുമാല്യം ഉൾപ്പടെയുള്ളവ ഇവിടെ തള്ളുന്നതും വർദ്ധിച്ചിട്ടുണ്ട്.