കൊല്ലം: മൂന്ന് സി.പി.എം പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച കേസിൽ ഏഴ് എസ്.ഡി.പി.ഐ പ്രവർത്തകരെ ഏഴ് വർഷം കഠിനതടവിനും 30,000 രൂപ വീതം പിഴയ്ക്കും ശിക്ഷിച്ചു. സി.പി.എം പ്രവർത്തകരായ നിസാം, രഞ്ജിത്ത്, സെയ്ഫുദ്ദീൻ എന്നിവരെ കൊല്ലാൻ ശ്രമിച്ചതിനാണ് മുഹമ്മദ് ഫൈസൽ, ഇർഷാദ്, ഷഹീർ മുസലിയാർ, മുഹമ്മദ് താഹിർ, സലീം, അബ്ദുൽ ജലീൻ, കിറാർ എന്നിവരെ ശിക്ഷിച്ചത്. കൊല്ലം അസി. സെഷൻസ് ജഡ്ജ് ഡോ. ടി. അമൃതയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ നിന്ന് 50,000 രൂപ വീതം പരിക്കേറ്റവർക്ക് നൽകണം

കേസിൽ 11 പ്രതികളുണ്ട്. ഇതിൽ ഷാഫി, ഹുസൈൻ എന്നിവരെ പിടികൂടാനായില്ല. ഒന്നാം പ്രതി മുഹമ്മദ് അൻവർ, ഷാൻ എന്നിവർ വിചാരണയ്ക്കിടെ സ്ഥലം വിട്ടു. 2012 ജനുവരി മൂന്നിന് പുലർച്ചെ രണ്ടിന് കണ്ണനല്ലൂർ കുളപ്പാടം ജംഗ്ഷന് സമീപമായിരുന്നു സംഭവം. പ്രദേശത്ത് നേരത്തെ പോപ്പുലർ ഫ്രണ്ട്-സി.പി.എം സംഘർഷമുണ്ടായിരുന്നു. സി.പി.എമ്മിന്റെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും പതിക്കുകയായിരുന്ന പ്രവർത്തകരെ പോപ്പുലർ ഫ്രണ്ടുകാർ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു.

പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിച്ചു. 51 രേഖകൾ ഹാജരാക്കി. കൊട്ടിയം സി.ഐയായിരുന്ന എസ്. അനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. നിയാസ് ഹാജരായി.