 അധികാര പരിധി കൊല്ലം, പത്തനംതിട്ട ജില്ലകൾ

കൊല്ലം: കൊല്ലം ആസ്ഥാനമായി അനുവദിച്ച പുതിയ വിജിലൻസ് കോടതി കൊല്ലം നഗരത്തിൽ തന്നെ സ്ഥാപിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവായി. കൊല്ലം കോർപ്പറേഷൻ പരിധിയിൽ മതിലിൽ പെരിനാട് സർവീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഭാഗം വിജിലൻസ് കോടതിക്കായി നിശ്ചയിച്ചാണ് സർക്കാർ ഉത്തരവ്.

കൊല്ലം ആസ്ഥാനമായി നേരത്തെ അനുവദിച്ച പുതിയ വിജിലൻസ് കോടതിക്ക് കൊട്ടാരക്കരയിൽ സ്ഥലം നിശ്ചയിച്ച് നേരത്തെ സർക്കാർ ഉത്തരവായിരുന്നു. കൊല്ലം നഗരത്തിൽ സ്ഥലമില്ലെന്ന വിജിലൻസിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു തീരുമാനം. ഇതിനെതിരെ കൊല്ലം ബാറിലെ അഭിഭാഷകർ റിലേ സമരം ആരംഭിച്ചു. ഇതിനിടയിൽ കോടതിക്കായി തീരുമാനിച്ച ജുഡീഷ്യറിയുടെ തന്നെ നിയന്ത്രണത്തിലുള്ള കെട്ടിടം പൊളിച്ചുനീക്കാൻ നേരത്തെ തീരുമാനിച്ചതാണെന്ന വിവരം പുറത്തുവന്നു. തീരുമാനം പുനപരിശോധിക്കാനും ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഇതോടെ കൊട്ടാരക്കരയിൽ വിജിലൻസ് കോടതി ആരംഭിക്കാനുള്ള നീക്കം സർക്കാർ നിറുത്തിവച്ചു. പിന്നീട് വിജിലൻസ് ഡയറക്ടറാണ് ഇപ്പോൾ നിശ്ചയിച്ച മതിലിലെ കെട്ടിടം ശുപാർശ ചെയ്തത്.

ജില്ലാ ജഡ്ജി കെട്ടിടം സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. ഓഫീസ് സൗകര്യങ്ങൾക്ക് പുറമേ പാർക്കിംഗ്, ടോയ്‌ലെറ്റ് അടക്കമുള്ള സൗകര്യങ്ങളുള്ള കെട്ടിടം കോടതിക്ക് അനുയോജ്യമാണെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി രജിസ്ട്രാർ (ഡിസ്ട്രിക് ജുഡീഷ്യറി), വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പുതിയ നിർദ്ദേശം പരിഗണിക്കണമെന്ന കത്ത് നൽകി. കളക്ടറും സമാനമായ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ തീരുമാനം.