saf

കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് പണം തട്ടിയെടുത്ത് കംബോഡിയായിലേക്ക് മനുഷ്യക്കടത്ത് നടത്തിയ പ്രതി പിടിയിൽ. മലപ്പുറം നിലമ്പൂർ, പടിക്കുന്നു ഭാഗത്ത് കളത്തുംപടിയിൽ വീട്ടിൽ സഫ്നയാണ് (31) ഓച്ചിറ പൊലീസിന്റെ പിടിയിലായത്.

തഴവ സ്വദേശിയായ കനീഷിന് തായ്‌ലാൻഡിലെ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ ഇന്റർവ്യൂ നടത്തിയ ശേഷം പലതവണകളായി 1,20,000 രൂപ കൈപ്പറ്റുകയും ചെയ്തു. തുടർന്ന് യുവാവിനെ നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് തായ്‌ലൻഡിൽ എത്തിച്ചു. അവിടെനിന്ന് പ്രതികളുടെ ഏജന്റ്മാർ കംമ്പോഡിയയിലെ രഹസ്യ കേന്ദ്രത്തിലേക്ക് കടത്തുകയായിരുന്നു. ഓൺലൈൻ തട്ടിപ്പുകാരുടെ കേന്ദ്രത്തിൽ എത്തിച്ച യുവാവിന്, ഓൺലൈൻ തട്ടിപ്പ് ജോലിയായിരുന്നു നൽകിയിരുന്നത്. ജോലിയിൽ ഏജന്റുമാർ നിശ്ചയിച്ച ടാർഗറ്റ് പൂർത്തിയക്കാതെ വന്നതോടെ യുവാവിനെ ശാരീരികവും മാനസികവുമായി ഏജന്റുമാർ പീഡിപ്പിക്കുകയായിരുന്നു.

യുവാവ് ഈ വിവരം വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് പ്രതിയായ സഫ്നയെ ബന്ധപ്പെട്ടു. യുവാവിനെ നാട്ടിലെത്തിക്കുന്നതിന് ഒരു ലക്ഷത്തി അമ്പതിനായിരം രൂപ സഫ്‌ന ആവശ്യപ്പെട്ടു. എന്നാൽ തുക കൈപ്പറ്റിയ ശേഷം യുവാവിനെ നാട്ടിലെത്തിക്കാൻ ശ്രമിക്കാതെ സഫ്‌ന വഞ്ചിച്ചു. തുടർന്ന് ബന്ധുക്കൾ ഇന്ത്യൻ എംബസിക്ക് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ എംബസിയുടെ സഹായത്തോടെ യുവാവിനെ നാട്ടിലെത്തിക്കുകയായിരുന്നു. നാട്ടിലെത്തിയ യുവാവ് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇവർ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.

ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ സുജാതൻ പിള്ളയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ നിയാസ്, സന്തോഷ്, സി.പി.ഒ മാരായ അനു, ശ്രീദേവി, മോഹൻലാൽ എന്നിവർ അടങ്ങിയ സംഘം മലപ്പുറം നിലമ്പൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. റിമാൻ‌ഡ് ചെയ്തു.