photo
ആലുംകടവ് ജനകീയ ആരോഗ്യകേന്ദ്രം ആയുഷ്മാൻ ആരോഗ്യമന്ദിർ സി ആർ മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി : ആരോഗ്യ മേഖലയിൽ പുത്തൻ കാൽവെയ്പ്പുമായി കരുനാഗപ്പള്ളി നഗരസഭ. നഗരസഭയുടെ പരിധിയിൽ വരുന്ന പി.എച്ച് സബ് സെന്ററുകൾ ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളായി ഉയർത്തുന്ന പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ ആലുംകടവ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പി.എച്ച് സബ്‌സെന്ററാണ് ജനകീയ ആരോഗ്യകേന്ദ്രമാക്കി ഉയർത്തിയത്.

ആരോഗ്യരംഗത്ത് വൻ മാറ്റങ്ങൾ

നഗരസഭയിലെ 1,2,3,35വാർഡുകളിലെ ജനങ്ങൾക്ക്‌ ചികിത്സ പൂർണമായും ലഭിക്കുന്ന തരത്തിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് വെൽനസ് സെന്ററിന്റെ പ്രവർത്തനം. ജീവിതശൈലി രോഗങ്ങൾക്കുള്ള പരിശോധനയും മരുന്നു വിതരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ സെന്ററിൽ ക്രമീകരിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയെ കൂടാതെ തുറയിൽകുന്നിലെ നഗര ആരോഗ്യ കേന്ദ്രവും ഒന്നാം ഡിവിഷനിലും ചെമ്പകശ്ശേരികടവ്, മാൻനിന്നവിള എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മൂന്ന് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളും ഉൾപ്പെടെ ആരോഗ്യ പരിപാലന രംഗത്ത് വൻ മാറ്റങ്ങളാണ് നഗരസഭക്ക് കൈവരിക്കാൻ കഴിഞ്ഞത്. നിലവിൽ പ്രവർത്തിക്കുന്ന വെൽനസ് സെന്ററുകൾ കൂടാതെയാണ് പി.എച്ച് സബ് സെന്ററുകൾ വെൽനസ് സെന്ററുകളായി ഉയർത്തുന്ന പദ്ധതിയും നഗരസഭയിൽ ആരംഭിച്ചിരിക്കുന്നത്.

ഉദ്ഘാടനം
ആലുംകടവ് പി.എച്ച് സബ് സെന്ററിൽ നടന്ന ചടങ്ങ് സി.ആർ.മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. കൗൺസിലർമാരായ അഡ്വ.ടി.പി.സലിംകുമാർ, സീമാസഹജൻ, എം. അൻസാർ,സതീഷ് തേവനത്ത്, ജൂനിയർ ഹെൽത്ത്‌ നഴ്സ് ജാസ്മിൻ എന്നിവർ സംസാരിച്ചു.

ഗ്രാമപ്രദേശങ്ങളിൽ കൂടുതൽ ചികിത്സാ സൗകര്യം എത്തിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോട്ടയിൽ രാജു

നഗരസഭാ ചെയർമാൻ