കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ കുത്തകയായിരുന്ന ദീർഘദൂര റൂട്ടുകൾ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനുള്ള സർക്കാർ നീക്കം സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന് ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി ടി.എൻ.രമേശ്.
കെ.എസ്.ടി.ഇ.എസ് ജില്ലാ കമ്മിറ്റി ചടയമംഗലം ഡിപ്പോയിൽ സംഘടിപ്പിച്ച 12 മണിക്കൂർ നിരാഹാര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിന്റെ 70 ശതമാനവും ദീർഘദൂര സർവീസുകളിൽ നിന്നാണെന്ന് അറിയാവുന്നവർ വരുമാനമില്ലെന്ന് ചാപ്പകുത്തി കെ.എസ്.ആർ.ടി.സിയെ അടച്ചുപൂട്ടനുള്ള ശ്രമമാണ് നടത്തുന്നത്. തൊഴിലാളി വർഗ പാർട്ടിയെന്ന പേരിൽ അധികാരത്തിലെത്തിയ കേരള സർക്കാർ ഏറ്റവും വലിയ തൊഴിലാളി വിരുദ്ധ സർക്കാരായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ടി.ഇ.എസ് ജില്ലാ പ്രസിഡന്റ് കേസരി അനിൽ കുമാർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. വയയ്ക്കൽ സോമൻ, ബി.എൽ.റിഞ്ചു, ആർ.ഉണ്ണികൃഷ്ണൻ, എ.രാജീവ്, ബി.സന്തോഷ് എന്നിവർ സംസാരിച്ചു.