പോരുവഴി: പുത്തനമ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഉള്ള റോഡിന്റെ അവസ്ഥ ദയനീയം.
കുന്നത്തൂർ ഗ്രാമ പഞ്ചായത്തിലെ ആളുകൾക്ക് ഏക ആശ്രയം ആണ് പുത്തനമ്പലത്തിലുള്ള പഞ്ചായത്ത് ഹെൽത്ത് സെന്റർ. മാസങ്ങളായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിന്റെ മുക്കാൽ ഭാഗവും തകർന്നിരിക്കുകയാണ്. രോഗികളെ കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും കടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്. നിലവിൽ കാൽ നടയാത്രക്കാർക്കു പോലും നടക്കാൻ പറ്റാത്ത രീതിയിൽ തകർന്നിരിക്കുന്നു.
പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി കുന്നത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ആശുപത്രിയിലേക്കുള്ള റോഡിന്റെ പണി പൂർത്തിക്കരിച്ച് യാത്രാ ക്ലേശം ഉടൻ പരിഹരിച്ചില്ലെങ്കിൽ സമര പരിപാടിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് ശശിധരൻ, കുന്നത്തൂർ പ്രസാദ്, ടി.എ.സുരേഷ് കുമാർ, ജോൺ, സാംകുട്ടി, ഷിജാ രാധാകൃഷ്ണൻ, കുന്നത്തൂർ മനോഹരൻ എന്നിവർ നേതൃത്യം നൽകി. എത്രയും പെട്ടെന്ന് റോഡിന്റെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാറിന്റെ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.