കൊട്ടാരക്കര: മരം മുറിച്ചിട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിന്റെ പേരിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്ന കേസിൽ പ്രതികളായ അച്ഛനെയും മകനെയും ജീവപര്യന്തം തടവിനും അമ്പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു. കുന്നിക്കോട് കടുവാംകോട് വീട്ടിൽ അനിൽകുമാറിനെ (35) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കുന്നിക്കോട് പച്ചിലവളവു ആൽഫി ഭവനത്തിൽ ദമീജ് അഹമ്മദ് (28) പിതാവ് സലാഹുദ്ദീൻ (63) എന്നിവരെയാണ് കൊട്ടാരക്കര സ്പെഷ്യൽ എസ്.സി.എസ്.ടി കോടതി ജഡ്ജി ജയകൃഷ്ണൻ ശിക്ഷിച്ചത്. 2022 സെപ്തംബർ 17 നാണ് കേസിന് ആസ്പദമായ സംഭവം. അനിൽകുമാറിന്റെ വസ്തുവിലെ തേക്ക് മരത്തിന്റെ ശിഖരം വെട്ടിയിട്ടപ്പോൾ സലാഹുദീന്റെ പറമ്പിൽ വീഴുകയും തുടർന്ന് വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു. അർദ്ധരാത്രിയോടെ രണ്ടാം പ്രതി സലാഹുദീനും ഒന്നാം പ്രതിയായ മകൻ ദമീജ് അഹമ്മദും ചേർന്നു അനിൽകുമാറിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കമ്പിവടി, കൊടുവാൾ എന്നിവ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ പ്രതികളെ തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജി.എസ്.സന്തോഷ്കുമാർ ഹാജരായി.