 
പത്തനാപുരം : ജർമ്മൻ ടെക്‌നോളജി എന്ന മേനി പറച്ചലിൽ തുടങ്ങിയ പള്ളിമുക്ക് - അലിമുക്ക് റോഡിൽ കാൽനട പോലും ദുസഹമായി. പത്തനാപുരം പള്ളിമുക്ക് , പിറമല പുന്നല, അലിമുക്ക് വരെ ഏകദേശം 15 കിലോമീറ്ററിലെ പാതയിലാണ് ജർമ്മൻ ടെക്‌നോളജി ഇല്ലെങ്കിലും അത്യാവശ്യം യാത്ര ചെയ്‌താൽ മതി എന്ന് നാട്ടുകാർ ആഗ്രഹിക്കുന്നത്. നിലവിലെ റോഡ് കുത്തിയിളക്കിയാണ് പുതിയ പാത പണിയാൻ ഒരുങ്ങിയത്. ടാറിംഗിന് മുമ്പ് ഏതോ രാസമിശ്രണം കൂടി ചേർന്നുള്ള പ്രത്യേക ട്രീറ്റ്‌മെന്റ് നടക്കുന്നതാണ് ഏറ്റവും ഒടുവിലത്തെ ഘട്ടം. വരൾച്ചയുടെ കാലത്ത് ഉയർന്ന പൊടിപടലങ്ങളിൽ നിന്ന് രാസപ്രയോഗത്തിന്റെ അസഹനീയ ഗന്ധം ഉയർന്നിരുന്നതായി വ്യാപാരികൾ ആക്ഷേപം ഉന്നയിച്ചിരുന്നു. മഴയത്ത് റോഡ് കുളമായി യാത്ര അസാദ്ധ്യമായിരുന്നു. കാൽനടയായി എത്തിയാലും കടകൾക്ക് മുന്നിളെ ചെളിക്കെട്ടിലൂടെ വ്യപാര സ്ഥാപനങ്ങളിൽ കയറാനാകാത്ത സ്ഥിതി നിലനിൽക്കുന്നു.
ഈ റൂട്ടിന് പുറമെ പട്ടാഴി ,കറവൂർ റൂട്ടിലേക്ക് തിരിയുന്ന ഭാഗങ്ങളിലും സമാന അവസ്ഥയാണ്.
റോഡിന്റെ ശോച്യാവസ്ഥ കാരണം പുന്നല മാർക്കറ്റ് സ്‌തംഭനാവസ്ഥയിലാണ്. പുന്നല ഭാഗത്താണ് സ്ഥിതി രൂക്ഷം. പുനലൂർ ,പത്തനാപുരം ഭാഗങ്ങളിലെ 20 ഓളം സ്‌കൂൾ ബസുകൾ പുന്നല വഴി വരാതായത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ ബുദ്ധിമുട്ടായി. ബൈറൂട്ടുകളിലൂടെ ഏകദേശം 15 കിലോമീറ്റർ അധികം സഞ്ചരിച്ചാണ് പലരും യാത്ര ചെയ്യുന്നത്. കനാൽ റോഡുകളെയാണ് പലരും ആശ്രയിക്കുന്നത്.
എൽ . ഉദയകുമാർ
പലചരക്ക് വ്യാപാരി പുന്നല
വാട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രക്ഷോഭം നടത്തി.കിഫ്‌ബി ഫണ്ടുപയോഗിച്ചുള്ള പദ്ധതിയാണ് ഇഴയുന്നത്. മണ്ഡല സീസണായതോടെ സ്ഥിതി രൂക്ഷമാകും .
ബി .പ്രേംരാജ്
പ്രസിഡന്റ്
എസ്.എൻ.ഡി.പി യോഗം
പടയണിപ്പാറ 3224 ാം നമ്പർ ശാഖ