കൊല്ലം: കായൽപ്പരപ്പിനോടും ധർമ്മശാസ്താക്ഷേത്രത്തോടും ചേർന്ന്, വാനരന്മാരുടെ സ്നേഹസാമീപ്യത്തിൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പിറവിയെടുത്തിട്ട് അറുപതാണ്ട്. കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരകമായി നിലകാെള്ളുന്ന കലാലയത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾ 19ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

ദീപശിഖാ പ്രയാണം 18ന് വൈകിട്ട് 3ന് നടക്കും. 19ന് രാവിലെ 9.30ന് വിളംബര ഘോഷയാത്ര. ഉദ്ഘാടന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സ്വാഗതഗാന പ്രകാശനവും ഉപഹാര സമർപ്പണവും നടത്തും. പ്രിൻസിപ്പൽ പ്രൊഫ. കെ.സി.പ്രകാശ് സ്വാഗതവും ജനറൽ കൺവീനർ ആർ.അരുൺകുമാർ നന്ദിയും പറയും.

20ന് രാവിലെ 10ന് ഗുരുവന്ദനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. 21ന് ഉച്ചയ്ക്ക് 2.30ന് മാദ്ധ്യമ സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.സി.പ്രകാശ്, വി.എസ്.ലജിത്, ഡോ. കെ.അനീഷ്, ഡോ. പ്രീത.ജി.പ്രസാദ് എന്നിവർ പങ്കെടുത്തു.

തടാകതീരത്തെ പ്രതിഭാലയം

ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന്റെ തീരത്ത്

കുന്നിൻമുകളിലാണെങ്കിലും കലാലയത്തിന്റെ മൂന്ന് വശവും കായൽ

1967ൽ ഫസ്റ്റ് ഗ്രേഡ് കോളേജായി ഉയർത്തി

2000ലേറെ വിദ്യാർത്ഥികൾ

17 ബിരുദ പ്രോഗ്രാമുകളും 7 ബിരുദാനന്തര കോഴ്സുകളും രണ്ട് പി.എച്ച്.ഡി പ്രോഗ്രാമുകളും രണ്ട് ഡിപ്ളോമ പ്രോഗ്രാമുകളുമാണ് ഇപ്പോഴുള്ളത്. രണ്ടായിരത്തിലേറെ വിദ്യാർത്ഥികളാണുള്ളത്. 120 അദ്ധ്യാപകരും 50 അനദ്ധ്യാപക ജീവനക്കാരുമാണുള്ളത്. യൂണിക് ഹൗസ് ഡിജിറ്റൽ ലൈബ്രറി, നാനോ സയൻസ് ലാബ്, ടിഷ്യുകൾച്ചർ ലാബ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. കേന്ദ്ര സർക്കാരിന്റെ ഡി.ബി.ടി സ്റ്റാർ, ഫിസ്ട് സ്കീം എന്നിവയും കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ഗവേഷണവും നടത്തിവരുന്നു.

കോളേജ് സ്ഥാപിച്ചത്-1964ൽ