കൊല്ലം: ജില്ലയിലെ എല്ലാ സ്കൂളുകളിലും സുരക്ഷാ ഓഡിറ്റ് നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എ.ഇ.ഒമാർക്ക് ഡി.ഡി.ഇ നിർദ്ദേശം നൽകി. കുന്നത്തൂർ തുരുത്തിക്കരയിൽ ആറാം ക്ലാസ് വിദ്യാർത്ഥി സ്കൂൾ വളപ്പിലെ കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം.

അദ്ധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പ് ചെക്ക് ലിസ്റ്റ് തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സുരക്ഷാ പരിശോധന നടത്തിയിരുന്നു. അന്ന് കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കാനും സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. വിദ്യാർത്ഥികൾ അപകടത്തിൽപ്പെടാനുള്ള സൂക്ഷ്മമായ സാഹചര്യങ്ങൾ അടക്കം പരിശോധിക്കാനാണ് ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്.

ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് പുറമേ സ്കൂൾ വളപ്പിലുള്ള പാചകപ്പുര, ടോയ്‌ലെറ്റ് അടക്കമുള്ള അനുബന്ധ കെട്ടിടങ്ങളുടെയും നിലവിലെ സ്ഥിതി പരിശോധിക്കും. എയ്ഡഡ് സ്കൂളുകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയാൽ മാനേജ്മെന്റിനോടും സർക്കാർ സ്കൂളുകളിലെ പോരായ്മകൾ തദ്ദേശ സ്ഥാപനങ്ങളോടും പരിഹരിക്കാൻ നിർദ്ദേശിക്കും.

പരിശോധിക്കുന്ന പ്രധാന ഘടകങ്ങൾ

 കെട്ടിടങ്ങളുടെയും കിണറുകളുടെയും സുരക്ഷ
 വൈദ്യുതി സംവിധാനം

 കുടിവെള്ള ഗുണനിലവാരം

 പരിസരം കാടുകയറിട്ടുണ്ടോ

 സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നുണ്ടോ

 ഇഴ ജന്തുക്കളെത്താനുള്ള സാദ്ധ്യത

 അപകടാവസ്ഥയിലുള്ള മരങ്ങൾ

ആറാം ക്ലാസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി

സ്കൂൾ വളപ്പിലെ കിണറ്റിൽ വീണ് ഗുരുതരമായി പരിക്കേറ്റ കുന്നത്തൂർ തുരുത്തിക്കരയിലെ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി സ്കൂൾ അധികൃതർ പറഞ്ഞു.വിദ്യാർത്ഥി ഇന്നലെ തങ്ങളോടക്കം സംസാരിച്ചതായും അദ്ധ്യാപകർ പറഞ്ഞു.

സ്കൂളുകളിൽ സൂക്ഷ്മമായ പരിശോധനയ്ക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കണ്ടെത്തുന്ന പ്രശ്നങ്ങൾ റിപ്പോർട്ടായി സമർപ്പിക്കാനും എ.ഇ.ഒമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡി.ഡി.ഇ