കടയ്ക്കൽ: കടയ്ക്കലിൽ നിന്ന് ശബരിമലയിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കുന്നു. ചടയമംഗലം ഡിപ്പോയിൽ നിന്ന് വെള്ളാർവട്ടം വഴി കടയ്ക്കൽ ദേവീ ക്ഷേത്രം-കടയ്ക്കൽ ടൗൺ-നിലമേൽ-ചടയമംഗലം കൊട്ടാരക്കര വഴി ശബരിമലയിലേക്കാണ് ബസ് അനുവദിച്ചിട്ടുള്ളത്. എല്ലാ ദിവസവും വൈകിട്ട് 7ന് ചടയമംഗലം ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസ് 7.30 ന് കടയ്ക്കലിൽ നിന്ന് യാത്ര തിരിക്കും. മന്ത്രി ജെ.ചിഞ്ചുറാണി ഗതാഗത വകുപ്പുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ബസ് അനുവദിച്ചത്. മണ്ഡലകാലം കഴിയും വരെ സർവീസ് നടത്തും. വിശ്വാസികളുടെ എല്ലാ മണ്ഡലകാലത്തെയും ആവശ്യമായിരുന്നു സർവീസ് ആരംഭിക്കുന്നതോടെ സാദ്ധ്യമാകുന്നത്. ബസിന്റെ ഫ്ലാഗ് ഒഫ് ഇന്ന് വൈകിട്ട് 7 ന് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും.