k

എല്ലാവരും ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ജോലി ആരംഭിക്കുന്നവരാണ് നാടക കലാകാരന്മാർ. പുരുഷന്മാർ നാടക പ്രവർത്തനത്തിനു പോകുമ്പോൾ വീട്ടുകാര്യങ്ങൾ നോക്കാൻ പല വീടുകളിലും സ്ത്രീകൾ ഉണ്ടാകും. പക്ഷേ നാടക നടിമാർ അഭിനയിക്കാൻ പോയാൽ വീട്ടുകാര്യങ്ങൾ നോക്കാൻ മറ്റാരുമുണ്ടാകില്ല. ജോലി കഴിഞ്ഞെത്തി വിശ്രമിക്കേണ്ട സമയത്താണ് നടിമാർ വീട്ടുകാര്യങ്ങൾ നോക്കുന്നത്. സ്വസ്ഥമായൊന്ന് ഉറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നാടക രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ. പക്ഷേ അവർക്ക് മാന്യമായ വരുമാനവും അർഹിക്കുന്ന അംഗീകാരവും ലഭിക്കുന്നില്ല.

നാടകം രാത്രിയാണെങ്കിലും ഉച്ച കഴിയുമ്പോൾ തന്നെ വീട്ടിൽ നിന്ന് ഇറങ്ങണം. ദൂരെയാണ് നാടകമെങ്കിൽ ചിലപ്പോൾ തലേന്നാൾ പുറപ്പെടണം. എത്ര ദുരിതമായാലും നാടക രംഗത്തേക്ക് ഇറങ്ങിത്തിരിച്ചവർക്ക് പിന്നീടത് ഉപേക്ഷിക്കാൻ കഴിയില്ല. ഡയാലിസിസ് ചെയ്യുന്നതിനിടയിലും നാടകം കളിക്കുന്ന സ്ത്രീകളുണ്ട്. പണ്ട് നാടകത്തിൽ നിന്നും ലഭിച്ച വരുമാനത്തിലൂടെ സ്വന്തം വിവാഹത്തിനുള്ള സ്വർണം വാങ്ങിയ അഭിനേത്രിമാരുണ്ട്. പക്ഷേ കലാരംഗത്ത് ഉയരങ്ങളിൽ നിന്ന നാടകം ഇപ്പോൾ കുത്തനെ നിലംപതിച്ച് കിടക്കുകയാണ്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ലോട്ടറി ടിക്കറ്റ് വിൽക്കാൻ പോകുന്ന നാടകനടിമാർ ഇപ്പോഴുണ്ട്.

എല്ലാ നാടകങ്ങളും സദുദ്ദേശത്തോടെയുള്ളതാണ്. സമൂഹത്തെ വഴിതെറ്റിക്കുന്ന ഒരു നാടകം പോലും മലയാളത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ നാടകരംഗത്തുള്ളവർക്ക് സർക്കാർ പോലും അർഹിക്കുന്ന അംഗീകാരം നൽകുന്നില്ല. സർക്കാരിന്റെ പരിപാടികൾക്ക് അതിഥികളായി ക്ഷണിക്കുന്നത് നർത്തകിമാരെയും സിനിമാ അഭിനേതാക്കളെയുമാണ്. ഒന്നോ രണ്ടോ സിനിമകളിൽ അഭിനയിച്ചവരെപ്പോലും സർക്കാരിന്റെ വമ്പൻ പരിപാടികളിൽ അതിഥികളാക്കുന്നു. മെഗാ ഷോകളും നൃത്തപരിപാടികളും വൻതുക കൊടുത്ത് സർക്കാർ നടത്തുന്നു. പലപ്പോഴും ഇത്തരം പരിപാടികളിൽ നാടകസമിതികൾ അവസരം പിടിച്ചുവാങ്ങേണ്ട അവസ്ഥയാണ്. എന്തെങ്കിലും ദുരന്തങ്ങൾ ഉണ്ടായാൽ ആദ്യം സർക്കാർ റദ്ദാക്കുന്നത് ആഘോഷങ്ങളും കലാപരിപാടികളുമാണ്. ഇതോടെ ദുരന്തമേഖലയിലേതിനേക്കാൾ ദുരന്തമാണ് നാടകരംഗത്തെ അടക്കം കലാകാരന്മാരുടെ ജീവിതത്തിൽ സംഭവിക്കുന്നത്.

 വരുമാനം അഞ്ചരമാസം മാത്രം

ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള ഉത്സവ സീസൺ കഴിഞ്ഞാൽ ഓണക്കാലത്തെ പത്ത് ദിവസം മാത്രമാണ് നാടകസമിതികൾക്ക് കാര്യമായി അരങ്ങ് ലഭിക്കുന്നത്. പിന്നീട് വല്ലപ്പോഴും ലഭിക്കുന്ന നാടകമേളകളും മത്സരങ്ങളും മാത്രമാണ്. അവിടങ്ങളിൽ തുച്ഛമായ പ്രതിഫലമേ ലഭിക്കൂ. 12 മുതൽ 20 കലാകാരന്മാർ വരെ സമിതികളിലുണ്ടാകും. പക്ഷേ മേളകൾക്കും മത്സരങ്ങൾക്കും ലഭിക്കുന്നത് 20,000 രൂപ മാത്രമാണ്. ഇത് വീതിച്ചാൽ ഓരോരുത്തർക്കും എത്ര വീതം നൽകാനാകും. സീസൺ സമയത്തും നാടകത്തിനുള്ള പ്രതിഫലം വിലപേശി കുറയ്ക്കുകയാണ്. സീസൺ സമയത്ത് നീക്കിവയ്ക്കുന്ന മിച്ചം കൊണ്ടാണ് തൊട്ടടുത്ത നാടകം ഇറങ്ങുന്നത്. സീസണിലും മിച്ചമില്ലാതെ വരുന്നതാണ് നാടകസമിതികൾ കൂട്ടത്തോടെ തകരുന്നതിന്റെ കാരണം.

 സർക്കാർ ഇടപെടണം

നാടക കലാകാരന്മാർക്ക് അർഹിക്കുന്ന അംഗീകാരവും അവസരങ്ങളും നൽകാൻ സർക്കാർ ഇടപെടൽ ഉണ്ടാകണം. ഓഫ് സീസണിൽ തദ്ദേശസ്ഥാപന തലത്തിൽ നാടകമേളകൾ നടത്താൻ സർക്കാർ സഹായം നൽകണം. സംഗീത നാടക അക്കാഡമിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ നാടക സമിതികൾക്കും പുതിയ നാടകം നിർമ്മിക്കാൻ ഗ്രാൻഡ് ഏർപ്പെടുത്തണം.

(നാടക അഭിനേത്രിയും കാളിദാസ കലാകേന്ദ്രം ഡയറക്ടറുമാണ് ലേഖിക )