puli

പത്തനാപുരം: കൂട്ടിനുള്ളിൽ നായയെ കെട്ടിയിട്ട് പുലിയെ ആകർഷിച്ച് കുടുക്കാനായിരുന്നു ആദ്യം വനം വകുപ്പ് അധികൃതരുടെ പദ്ധതി. എന്നാൽ ഇത് പരാജയപ്പെട്ടതോടെ കൂട്ടിൽ ആടിനെ കെട്ടിയിടുകയായിരുന്നു. ആടിനെ കൂട്ടിനുള്ളിലാക്കിയതോടെയാണ് ചിതൽവെട്ടി പെരുന്തക്കുഴി ഭാഗത്തെ വിറപ്പിച്ച പെൺപുലി കെണിയിൽ വീഴുന്നത്. അഞ്ച് മാസം മുമ്പ് പുലിയെ കണ്ടത് മുതൽ തുടങ്ങിയ ഭീതിക്ക് അല്പമൊരു ആശ്വാസമായത് ഇതോടെയാണ്. സംസ്ഥാന ഫാമിംഗ് കോർപ്പറേഷന്റെ കശുമാവിൻ തോട്ടത്തിന് സമീപത്ത് തോട്ടത്തിലെ ലയത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികളാണ് ആദ്യമായി പുലിയെ കാണുന്നത്. തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിൽ സമീപത്തെ വെള്ളക്കെട്ടുകൾക്ക് സമീപം രണ്ട് പുലികളുടെ കാൽപാടുകൾ കണ്ടെത്തുകയും രണ്ട് പുലികൾ ഈ മേഖലയിൽ ഉണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് പെരുന്തക്കുഴിയിൽ പലഭാഗത്തായി ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയെ കാണാൻ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ ഒരുമാസം മുമ്പ് പെരുന്തക്കുഴി പാറപ്പുറത്ത് രണ്ട് പുലികളെയും രണ്ട് കുട്ടികളെയും കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. കൂടാതെ രണ്ടാഴ്ച മുമ്പ് പത്തനാപുരം ടൗണിന് സമീപം സെന്റ് മേരീസ് സ്കൂളിന് സമീപവും പുലിയെ കണ്ടിരുന്നതായാണ് പറയുന്നത്. ഇതോടെ ജനങ്ങൾ കൂടുതൽ ഭീതിലാവുകയും പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധത്തിനൊടുവിൽ ഒരാഴ്ച മുമ്പാണ് വനംവകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചത്. ആദ്യം പട്ടിയെ കൂട്ടിലിട്ട് പരീക്ഷിച്ചെങ്കിലും ഫലം കാണാതായതോടെ ഒരു ദിവസം മുമ്പ് ആടിനെ വാങ്ങി കൂട്ടിലിടുകയായിരുന്നു. പ്രതീക്ഷിച്ചതുപോലെ ആടിനെ തേടിയെത്തിയ പുലി ഇന്നലെ പുലർച്ചെ 3 ഓടെ കെണിയിൽ അകപ്പെട്ടുകയായിരുന്നു. ആരോഗ്യവതിയായ മൂന്ന് വയസ് പ്രായമുള്ള പെൺപുലിയെ ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ റാന്നി വനം ഡിവിഷനിലെ കക്കി ഉൾവനത്തിൽ തുറന്നുവിടുകയായിരുന്നു. പുലിയെ കാണാൻ ജനങ്ങൾ തടിച്ചുകൂടി.

ഭീതിവിട്ടൊഴിയാതെ

ഒരു മാസം മുമ്പ് സമീപത്തെ പാറയിൽ കണ്ട കുട്ടികളടക്കമുള്ള അഞ്ച് പുലികളിൽ ബാക്കിയുള്ളവ മേഖലയിൽ ഉണ്ടോ എന്ന ആശങ്കയാണ് ജനങ്ങളെ ഭീതിയിലാക്കുന്നത്. പെൺപുലി അകത്തായതോടെ കുട്ടികളടക്കമുള്ളവ വീണ്ടും തിരികെ എത്തുമോ എന്ന ആശങ്കയും ബാക്കിയാണ്. പ്രദേശത്ത് കണ്ട പുലികളെ തുരത്തി ഓടിക്കാൻ വേണ്ട മുൻകരുതൽ എടുക്കണമെന്നും വനംവകുപ്പിന്റെ ആർ.ആർ.ടി സംഘത്തെ പട്രോളിംഗിനായി സ്ഥിരമായി മേഖലയിൽ നിയോഗിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം ഒരു പുലിയുടെ സാന്നിദ്ധ്യം കൂടി പ്രദേശത്തുണ്ടെന്നും നിലവിലെ കെണി ഉപയോഗിച്ച് അതിനെക്കൂടി പിടികൂടാനുള്ള ശ്രമം തുടരുമെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.