കൊല്ലം: കർമങ്ങൾ ചെയ്യാതിരുന്നാൽ സ്വസ്ഥതയുണ്ടാകി​ല്ല എന്നത് നിരീക്ഷിച്ചറിയണമെന്ന് സ്വാമി​ അദ്ധ്യാത്മാനന്ദ പറഞ്ഞു. കർമം ചെയ്തുകൊണ്ട് സ്വസ്ഥത നിലനിറുത്താനുള്ള കല വശമാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 41 ദിവസം നീണ്ടു നിൽക്കുന്ന വ്യാസപ്രസാദം 24 വേദിയിൽ 33-ാം ദിന പ്രഭാഷ ണം നടത്തുകയായി​രുന്നു സ്വാമി​.

ജീവാത്മാവും ശരീരാദി ഉപാധികളും ചേരുമ്പോൾ ഉണ്ടാകുന്ന അഹന്ത ഒരു ശല്യവും ഭാരവും ആവേണ്ട കാര്യമില്ല. മമതയും രാഗദ്വേഷങ്ങളും അനിയന്ത്രിതമായി സ്വാധീനിക്കുമ്പോൾ അഹന്ത ജീവിതത്തെ സംഘർഷ പൂരിതമാക്കും. കാമനയെ ജയിക്കാത്തവന് കർമ സന്ന്യാസം കഠിനമാണ്. കർമയോഗ ബുദ്ധി കൊണ്ട് മനസ് ശുദ്ധമായാൽ ബ്രഹ്മജ്ഞാനം നേടി ആനന്ദിയായി വർത്തിക്കാം. ഇന്ദ്രിയ മനോബുദ്ധികളുടെ ഏകോപനം ഉറപ്പാക്കുന്ന യുക്തൻ ജ്ഞാനാനന്ദ ശാന്തിക്കധികാരിയാവുന്നു. യുക്തപുരുഷൻ വിശ്വമാനവനാവും. എല്ലാ ഭൂതജാലങ്ങളിലും അവരവരെ കാണും. ഞാൻ മനഃശുദ്ധിക്കായി കർമം ചെയ്യുന്നു എന്ന ചിന്ത ദൃഢമാവണം. ഈശ്വരൻ എല്ലാം സൃഷ്ടിക്കുമ്പോഴും അതിൽ അഭിമാനിക്കുന്നില്ല. കർതൃത്വമോ കർമങ്ങളോ പുണ്യ പാപങ്ങളോ ഒന്നും ഭഗവാൻ പ്രത്യേകം സൃഷ്ടിച്ചിട്ടില്ല. ലോക സ്രഷ്ടാവായിരിക്കവെ തന്നെ ഭഗവാൻ അതിനുത്തരവാദിയാകുന്നില്ല. ലോകസ്രഷ്ടാവ് ശാന്തനായിരിക്കുന്നു. എന്നാൽ, ഞാൻ കർമം ചെയ്തു, ഇതൊക്കെ സൃഷ്ടിച്ചു എന്നഭിമാനിക്കുന്നവർ സ്വസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രഭാഷണ പരമ്പര എന്നും വൈകി​ട്ട് 6 മുതൽ 7.30 വരെ കൊല്ലം ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ മുഖമണ്ഡപത്തിൽ നടക്കും.