കൊട്ടാരക്കര: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. കൊട്ടാരക്കര മാർത്തോമ്മ ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി പുത്തൂർ ചുങ്കത്തറ കല്ലുംമൂട് സുസ്മിതത്തിൽ സുനിൽകുമാർ- സ്മിത ദമ്പതികളുടെ മകൾ എസ്.പാർവതിക്കാണ് (14) പരിക്കേറ്റത്.

ഇന്നലെ രാവിലെ 9 ഓടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന ബസിൽ കല്ലുംമൂട് ജംഗ്ഷനിൽ നിന്നാണ് പാർവതി കയറിയത്. പാണ്ടറ ജംഗ്ഷന് സമീപത്തെ വളവിൽവച്ച് ബസിന്റെ തുറന്നിട്ട വാതിലിൽക്കൂടി പാ‌ർവതി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. വളവിൽ ബസ് വേഗത്തിൽ വീശിത്തിരിച്ചപ്പോൾ എതിർ ദിശയിൽ വാഹനം കണ്ട് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകട കാരണം. വിദ്യാർത്ഥിനിയെ ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലും പുരികത്തും വിരലിലും കാലിലുമടക്കം സാരമായി മുറിവേറ്റിട്ടുണ്ട്. തലയിൽ ആറ് തുന്നലുണ്ട്. പുത്തൂർ പൊലീസ് കേസെടുത്തു. ബസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ബസ് ഡ്രൈവർ തേവലപ്പുറം സ്വദേശി എസ്.സേതുമാധവന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു.