കൊട്ടാരക്കര: കൊല്ലം ,പത്തനംതിട്ട ജില്ലകൾക്കു വേണ്ടി കൊട്ടാരക്കരയിൽ അനുവദിച്ച വിജിലൻസ് കോടതി കൊല്ലത്തേക്കുമാറ്റിയ നടപടി പുന:പരിശോധിച്ച് കോടതി കൊട്ടാരക്കയിൽ തന്നെ നിലനിറുത്തണമെന്ന് കെ.പി.സി. സി എക്സിക്യുട്ടീവ് അംഗം അഡ്വ.അലക്സ് മാത്യു ആവശ്യപ്പെട്ടു. കൊട്ടാരക്കര കോർട്ട് സെന്ററിന്റെ പ്രാധാന്യവും പ്രസക്തിയും നഷ്ടപ്പെടുത്തുവാൻ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ് വിജിലൻസ് കോടതി കൊല്ലത്തേക്കു കൊണ്ടുപോയതും കൊട്ടാരക്കര മുൻസിഫ് കോടതിയുടെ അധികാര പരിധിയിലായിരുന്ന പവിത്രേശ്വരം വില്ലേജ് ശാസ്താംകോട്ട കോടതിയുടെ പരിധിയിലേക്കു മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ലായേഴ്സ് കോൺഗ്രസ് കൊട്ടാരക്കര യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.എൻ.രവീന്ദ്രൻ അദ്ധ്യക്ഷനായി. അഭിഭാഷകരായ ജി.ചന്ദ്രശേഖരപിള്ള, പി.എസ്.പ്രദീപ്, വി.കെ.ഐസക്, ജി.കെ.ശ്രീജിത്, തോമസ് വർഗീസ്, ആർ.ശിവശങ്കരപിള്ള, ലക്ഷ്മി അജിത്, ജോയൽ ജോൺ ജോസഫ് എന്നിവർ സംസാരിച്ചു.