കൊട്ടാരക്കര: ശബരിമല മണ്ഡലകാലം കണക്കിലെടുത്ത് കൊല്ലം ,ചെങ്കോട്ട റെയിൽപ്പാത വഴി ചെന്നൈ ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്ക് ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് കൊല്ലം ,ചെങ്കോട്ട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിലവിൽ ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിക്കുന്ന മയിലാടുതുറൈ ,ചെങ്കോട്ട പാസഞ്ചർ എക്സ്പ്രസ് തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ തിരക്ക് പരിഗണിച്ച് കൊല്ലംവരെ നീട്ടണം. ഇതു സംബന്ധിച്ച നിവേദനം റെയിൽവേ മന്ത്രിക്കും ദക്ഷിണ മേഖല അധികാരികൾക്കും സമർപ്പിച്ചു. യോഗത്തിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എൻ.ചന്ദ്രമോഹനൻ അദ്ധ്യക്ഷനായി. ഭാരവാഹികളായ എൻ.ബി.രാജഗോപാൽ ദീപുരവി, അജീഷ് പുന്നല, എസ്. സുമേഷ്, രമേശ് അവണൂർ എന്നിവർ സംസാരിച്ചു.