കൊല്ലം: വിദ്യാർത്ഥികളുടെ ഹൃദയങ്ങളിൽ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ പാഠങ്ങൾ നിറച്ച് കേരളകൗമുദിയുടെയും കേരള എക്സൈസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.
ലഹരിമാഫിയ വിദ്യാർത്ഥികളടക്കമുള്ള പുതുതലമുറയെ വലയിലാക്കാൻ നടത്തുന്ന തന്ത്രങ്ങൾ സെമിനാർ ആഴത്തിൽ ചർച്ച ചെയ്തു. ലഹരിസംഘങ്ങളെ തളയ്ക്കാൻ വിദ്യാർത്ഥികൾ കണ്ണിമചിമ്മാത്ത ജാഗ്രത പാലിക്കണമെന്ന സന്ദേശവും മുന്നോട്ടുവച്ചു. ശാന്തിനികേതനം ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ജി.നന്ദകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ശൂരനാട് സൗത്ത് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ശ്രീജ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശിവൻ ശൂരനാട് എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രിൻസിപ്പൽ എം.ആർ.മിനി, സ്കൂൾ എൻ.സി.സി ഓഫീസർ ക്യാപ്ടൻ പി.സുനിൽ എന്നിവർ ആശംസ നേർന്നു.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ അശ്വന്ത്.എസ് സുന്ദരം, റിട്ട. അസി. എക്സൈസ് ഇൻസ്പെക്ടറും സോഫ്ട് സ്കിൽ ആൻഡ് ലൈഫ് സ്കിൽ ട്രെയിനറും റേസ് ജനറൽ സെക്രട്ടറിയുമായ എ.ഷഹറുദ്ദീൻ എന്നിവർ ലഹരിവിരുദ്ധ ക്ലാസ് നയിച്ചു. ഹെഡ്മിസ്ട്രസ് ടി.വി.ശ്രീജ സ്വാഗതവും പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി കെ.ഒ.അഭിനന്ദ് നന്ദിയും പറഞ്ഞു.