
ചാത്തന്നൂർ: ചാത്തന്നൂരിൽ പെട്രോൾ പമ്പിന് നേരെ ആക്രമണം, ജീവനക്കാർക്കും ഇന്ധനം നിറയ്ക്കാനെത്തിയ ഡ്രൈവർമാർക്കും പരിക്കേറ്റു. പെട്രോൾ പമ്പ് ജീവനക്കാരനായ മാമ്പള്ളികുന്നം സ്വദേശി വിനേഷ് താഴം വടക്ക് ഗോകുൽ നിവാസിൽ ഗോകുൽ (20), ഓട്ടോറിക്ഷ ഡ്രൈവർ മാമ്പള്ളികുന്നം ചരുവിള വീട്ടിൽ അജീഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഇന്ധനം നിറയ്ക്കാനെത്തിയ കാർ ഡ്രൈവർ അഞ്ഞൂറ് രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു. മുന്നൂറ് രൂപ കഴിഞ്ഞപ്പോൾ നിറുത്താൻ ആവശ്യപ്പെട്ടു. ഈ സമയം 360 രൂപയുടെ പെട്രോളടിച്ചു. അധികമടിച്ച പെട്രോളിന്റെ തുക ആവശ്യപ്പെട്ട ജീവനക്കാരനെ കാറിൽ നിന്ന് ഇറങ്ങി മർദ്ദിക്കുകയായിരുന്നു. തുടർന്ന് അവിടെ നിന്ന് പോയ കാർ ഉടമ വൈകിട്ട് മൂന്നോടെ കൂടുതൽ ആൾക്കാരെ കൂട്ടി വന്ന് വീണ്ടും ആക്രമിച്ചു. മൂന്നംഗ സംഘം പെട്രോൾ അടിക്കാനെത്തിയ ഓട്ടോ ഡ്രൈവർമാരെയും ജീവനക്കാരെയും ആക്രമിക്കുകയും സാധനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. മാരകായുധങ്ങളുമായി പ്രദേശത്ത് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു. ഊറാം വിള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭൂമാഫിയ സംഘങ്ങളാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഇത് രണ്ട് തവണയാണ് സംഘം പമ്പിലെത്തി ജീവനക്കാരെ ആക്രമിക്കുന്നത്
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അജീഷിനെ സ്വകാര്യ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലും കണ്ണിന് പരിക്കേറ്റ ഗോകുലിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചാത്തന്നൂർ പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.