bijin

കുളത്തൂപ്പുഴ: പെൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന അഞ്ചാം പ്രതി പിടിയിൽ. ഇടമൺ ആനൂർ വലിയവിള കിഴക്കതിൽ വീട്ടിൽ ബിജിൻ ബാബുവാണ് (25, വിട്ടു) ഇന്നലെ ഉച്ചയോടെ ഇടമണിൽ നിന്ന് തെന്മല പൊലീസിന്റെ പിടിയിലാകുന്നത്.

സംഭവത്തിൽ ഇടമൺ സ്വദേശികളായ സുജിത്ത്, മൊട്ട സജീവ്, സിബിൻ, അരുൺ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 7ന് രാത്രി 11 ഓടെയാണ് സംഭവം. ഇടമൺ പൂവന്നംമുക്ക് ആദിൽ മൻസിലിൽ നിഷാദാണ് (42) മൃഗീയമർദ്ദനത്തിന് ഇരയായത്. പെൺസുഹൃത്തിന്റെ വീട്ടിലേക്ക് സുജിത്തും സംഘവും എത്തിയപ്പോൾ നിഷാദ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി വീടിന് മുന്നിലെ റോഡിലേക്ക് കൊണ്ടുവന്ന് ആയുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. വീടിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ബലം പ്രയോഗിച്ച് നിഷാദിനെ കെട്ടിയിട്ട് നഗ്നനാക്കിയും മർദ്ദനം തുടർന്നു. സംഘത്തിലെ ഒരാൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നുമുണ്ടായിരുന്നു. മർദ്ദനത്തിൽ നിഷാദിന്റെ കൈക്കും കാലിനും ഉൾപ്പടെ പരിക്കേറ്റിരുന്നു. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞിരുന്ന നിഷാദ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. സുജിത്തിന് നിഷാദിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. തെന്മല പൊലീസ് ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതികൾ റിമാൻഡിൽ കഴിയുകയാണ്.