ss

ആലപ്പുഴ : കാട്ടിലെത്തി മാനിനെ വേട്ടയാടി പിടിച്ചയാളെയും വേട്ടക്കാരനടുത്തേക്ക് ഗർജ്ജിച്ചുകൊണ്ടെത്തുന്ന സിംഹത്തെയും ആവി​ഷ്കരി​ച്ച് സംസ്ഥാന ശാസ്ത്രോത്സവത്തിൽ 'കേൾവി പരിമിതരുടെ വി​ഭാഗം കളിമൺ ശില്പനിർമ്മാണത്തിൽ ഒന്നാമതെത്തി വിഷ്ണു. ' വേട്ടക്കാരൻ ' എന്ന വിഷയത്തിൽ നിന്നാണ് തന്റെ ഭാവനയിലൂടെ, മനുഷ്യ- വന്യജീവി സംഘർഷത്തിലേക്ക് എറണാകുളം മുണ്ടംവേലി ഫാ.അഗസ്തീനോ വിച്ചിനീസ് സ്പെഷ്യൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായ ജി.വിഷ്ണു എത്തിയത്. അഞ്ചാംക്ലാസ് മുതൽ ശാസ്ത്രമേളയിലും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലും സ്ഥിരം സാന്നിദ്ധ്യമാണ് വിഷ്ണു . അഞ്ചുവർഷമായി സംസ്ഥാനശാസ്ത്രമേളയിൽ കളിമൺ ശില്പ നിർമ്മാണത്തിലും നാലുവ‌ർഷമായി സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ പെയിന്റിംഗിനും കാർട്ടൂണിനും ഒന്നാംസ്ഥാനവും നേടി​വരുന്നു.

ചെറുപ്പം മുതൽ പടംവരയ്ക്കുന്നതിൽ കഴിവ് തെളിയിച്ച വി​ഷ്ണു മുണ്ടംവേലി ഫാ.അഗസ്തീനോ വിച്ചിനീസ് സ്പെഷ്യൽ സ്കൂളിൽ എത്തിയപ്പോഴാണ് കൃത്യമായ പരിശീലനത്തിലൂടെ കഴിവുകൾ മിനുക്കിയെടുത്തത്. ഓച്ചിറ കൊറ്റംമ്പള്ളി ഗവ.എൽ.പി.എസിലായിരുന്നു ആദ്യകാലപഠനം. രണ്ടു വർഷത്തിനു ശേഷമാണ് സ്പെഷ്യൽ സ്കൂളിലേക്ക് മാറിയത്. മകന്റെ പഠനസൗകര്യത്തിനായി കുടുംബം ഇപ്പോൾ എറണാകുളം പള്ളുരുത്തിയിലാണ് താമസം. ചിത്രരചന ,കാർട്ടൂൺ, രംഗോലി ,ക്ലേ മോഡലിംഗ് എന്നിവയിൽ അനവധി പുരസ്കാരങ്ങൾ നേടി​യിട്ടുണ്ട്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ 2023 ലെ ഉജ്ജ്വലബാല്യ പുരസ്കാരം സ്വന്തമാക്കിയ വിഷ്ണുവിന് ചിത്രകലാദ്ധ്യാപകനാകണമെന്നാണ് ആഗ്രഹം. വിമുക്തഭടനായ അച്ഛൻ ഗോപകുമാറി​ന് എറണാകുളം എഫ്.എസി.ഐയിലാണ് ജോലി. ഗായത്രിയാണ് അമ്മ.