കൊല്ലം: സിവിൽ സ്‌റ്റേഷൻ വളപ്പിലെ എ.ടി.എം കോടതി ഇടപെടലിനെ തുടർന്ന് വീണ്ടും പ്രവർത്തിച്ച് തുടങ്ങി. ആറ് മാസമായി പ്രവർത്തന രഹിതമായി കിടന്ന ക്യാഷ് പോയിന്റാണ് താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്ന് പ്രവർത്തനം പുനരാരംഭിച്ചത്. അഭിഭാഷകനായ എം.എം.ഹുമയൂണാണ് അദാലത്തിൽ പ്രശ്‌നം പൊതുതാൽപ്പര്യ ഹർജിയായി ഫയൽ ചെയ്‌തത്. കഴിഞ്ഞ 8ന് നടന്ന സിറ്റിംഗിൽ ജില്ലാ തേർഡ് അഡിഷണൽ സെഷൻസ് ജഡ്‌ജി എം.സി.ആന്റണി പ്രവർത്തനം പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് എ.ഡി.എം നിർമ്മൽ കുമാറും എസ്.ബി.ഐക്ക് വേണ്ടി റീജിയണൽ മാനേജരുടെ പ്രതിനിധിയും ചർച്ച നടത്തി പുതിയ മെഷീൻ സ്ഥാപിക്കുകയായിരുന്നു. അഡ്വ. വി.വാഹിദയും സിറ്റിംഗിൽ പങ്കെടുത്തു.