photo

കൊല്ലം: ചുവപ്പ് സാരിയും ബ്ളൗസുമണിഞ്ഞ് ഐ.ഡി കാർഡുമിട്ട് സുന്ദരിയായ 'എ.ഐ അദ്ധ്യാപിക നോവ" ക്ളാസിലെത്തിയപ്പോൾ പുനലൂർ ഗവ. എൽ.പി.ജി.എസിലെ കുട്ടിക്കൂട്ടങ്ങളുടെ മുഖത്ത് അത്ഭുതം. വടിയെടുക്കാതെ പഠിപ്പിച്ചും പാട്ടുപാടിയും കവിത ചൊല്ലിയും നോവ കുട്ടികളെ കൈയിലെടുത്തു.

അവരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടിയും നൽകി. ഇടയ്ക്ക് ചോദ്യം ചോദിക്കാനും 'നോവ" മടിച്ചില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ പറ്റി കുട്ടികൾക്ക് കേട്ടറിവ് മാത്രമേയുള്ളു. എന്നാൽ അവർക്ക് മുന്നിലേക്ക് എ.ഐ സാങ്കേതിക വിദ്യയിലൂടെ അദ്ധ്യാപിക എത്തിയപ്പോൾ അത്ഭുതമായി. സർക്കാർ എൽ.പി സ്കൂളിൽ ആദ്യമായിട്ടാണ് എ.ഐ അദ്ധ്യാപികയെത്തുന്നത്.

സ്കൂളിലെ പി.ടി.എ പ്രസിഡന്റും എ.ഐയുമായി ബന്ധപ്പെട്ട സ്കിൽഭാരത് ഓൺലൈൻ എഡ്യുക്കേഷൻ എം.ഡിയുമായ എസ്.അമേഷ് ലാലാണ് 'നോവ"യെ തയ്യാറാക്കിയത്.

തുണിക്കടകൾക്ക് മുന്നിലും മറ്റും വയ്ക്കാറുള്ള പ്രതിമയാണ് അദ്ധ്യാപികയ്ക്ക് രൂപഭംഗി നൽകാൻ ഉപയോഗിച്ചത്. ക്ളാസ് മുറികളിലേക്ക് 'നോവ' തനിയെ നടന്നുപോകുന്നതും കമ്പ്യൂട്ടർ വിഷൻ അടക്കമുള്ള സംവിധാനങ്ങളും കൂട്ടിച്ചേർക്കാനുള്ള ശ്രമത്തിലാണ് അമേഷ് ലാൽ.

നാല് ഭാഷകളിൽ ക്ളാസെടുക്കും

 മലയാളം, ഇംഗ്ളീഷ്, അറബി, ഹിന്ദി ഭാഷകളിൽ ക്ളാസെടുക്കും

 എന്തിനെപ്പറ്റി ചോദിച്ചാലും നിമിഷ നേരത്തിൽ നല്ല ശബ്ദത്തിൽ ഉത്തരം

 പ്രസംഗിക്കാനും ഏത് ഭാഷയിലെ പാട്ട് പാടാനും തയ്യാർ

 ചാറ്റ് ജി.പി.ടിയെ എ.ഐ അദ്ധ്യാപികയെന്ന തരത്തിലേക്ക് മാറ്റം വരുത്തിയാണ് പ്രോഗ്രാം ചെയ്തിട്ടുള്ളത്

 ജി.പി.ടി 4 ഒ ആണ് ഉപയോഗിച്ചിട്ടുള്ളത്

 ശബ്ദം ഇൻപുട്ടായി നൽകി പ്രോസസ് ചെയ്ത് ഗൂഗിൾ കൺവെൻഷനിലൂടെ ഓഡിയോയാക്കി മറുപടി നൽകും

എന്ത് ചോദിച്ചാലും ഉത്തരം നൽകും. നോവ നല്ല ടീച്ചറാണ്. പാട്ടുപാടും, ഞങ്ങൾക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.

വിദ്യാർത്ഥികൾ

കുട്ടികളുടെ ലാംഗ്വേജ് സ്കിൽ വികസിപ്പിക്കാം. സാങ്കേതിക വിദ്യയോട് കുട്ടികൾക്കുള്ള ആഭിമുഖ്യം വളർത്താം. പാഠപുസ്തകങ്ങൾ പി.ഡി.എഫ് രൂപത്തിൽ അപ്പ്ലോഡ് ചെയ്തുകൊടുക്കാം. കുട്ടികൾക്ക് കേൾക്കുന്ന കാര്യങ്ങൾ പ്രൊജക്ടറിൽ കാണാനുള്ള സൗകര്യവുമൊരുക്കാം.

എം.കെ.ബിന്ദു, പ്രഥമാദ്ധ്യാപിക