കൊല്ലം: കോർപ്പറേഷൻ ഭരിക്കുന്ന ഇടതു മുന്നണി ജനങ്ങളെ പരിഹസിക്കുകയാണെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കോർപ്പറേഷനിലെ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ആർ.എസ്.പി നേതൃത്വത്തിൽ നടന്ന കൊല്ലം കോർപ്പറേഷൻ ഫോക്കസ് 2025 ക്യാമ്പയിൻ ഉളിയക്കോവിൽ ഡിവിഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അവ പരിഹരിക്കാനും നടപ്പാക്കാനും വികസനം എത്തിക്കാനും കോർപ്പറേഷൻ ഭരണസമിതി പരാജയപ്പെട്ടു. നല്ല രീതിയിൽ ഒരു പദ്ധതി പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ജനങ്ങൾ വെറുക്കപ്പെട്ട ഭരണമായെന്നും എം.പി ആരോപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കൈപ്പുഴ വി.റാംമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഫോക്കസ് 2025 കൺവീനർ എം.എസ്. ഗോപകുമാർ, മണ്ഡലം സെക്രട്ടറി ആർ. സുനിൽ, ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണപിള്ള, കെ.ജി. ഗിരീഷ്, എ.എൻ. സുരേഷ് ബാബു, രാജേന്ദ്രകുമാർ, വി. മോഹനൻ, എം. മോഹനൻ, സജീഷ് എന്നിവർ സംസാരിച്ചു. രാജേന്ദ്രകുമാർ കൺവീനറായി 11 അംഗ ഉളിയകോവിൽ ഡിവിഷൻ കമ്മിറ്റിയെ തിരഞ്ഞെടുത്തു.