
വരുമാനം
₹ 851400
കൊല്ലം: കനത്ത വേനലിൽ ദാഹം അകറ്റി 'സുജലം' പദ്ധതി. പത്ത് മാസത്തിനിടെ മുക്കാൽ ലക്ഷത്തിലധികം കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി വിറ്റഴിച്ചത്. ഭക്ഷ്യ-ജലവിഭവ വകുപ്പുകൾ ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ എല്ലാവർക്കും ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം നൽകുക എന്നതാണ് സുജലം പദ്ധതിയുടെ ലക്ഷ്യം.
അരലിറ്റർ, ഒരു ലിറ്റർ, അഞ്ച് ലിറ്റർ അളവുകളിലാണ് റേഷൻകടകളിൽ കുപ്പിവെള്ളം വിൽക്കുന്നത്. യഥാക്രമം എട്ട്, പത്ത്, 50 എന്നിങ്ങനെയാണ് വില. പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന 'ഹില്ലി അക്വാ' വെള്ളമാണ് പൊതുവിപണിയേക്കാൾ വിലക്കുറച്ച് വിൽക്കുന്നത്.
പത്ത് മാസത്തിനിടെ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും വെയിൽ കനത്തതോടെ കുപ്പിവെള്ള വിൽപ്പന വർദ്ധിച്ചിട്ടുണ്ടെന്നും റേഷൻ വ്യാപാരികളും സിവിൽ സപ്ലൈസ് അധികൃതരും പറയുന്നു.
കുപ്പിവെള്ളം ആവശ്യപ്പെടുന്ന റേഷൻ വ്യാപാരികൾക്ക് ഹില്ലിഅക്വാ കുപ്പിവെള്ളം റേഷൻകടകളിൽ എത്തിച്ചു നൽകും. നിശ്ചിത കുപ്പികൾ എടുക്കണമെന്നില്ല. വിൽപ്പന നടക്കുന്നതിനനുസരിച്ച് കൂടുതൽ കുപ്പികളെത്തിക്കും.
കൂടുതൽ വിൽപ്പന കൊല്ലത്ത്
ജില്ലയിലാകെ വിൽപ്പനയ്ക്കെത്തിച്ചത് 92266 കുപ്പിവെള്ളം
ഇതിൽ 85140 കുപ്പികൾ വിറ്റുപോയി
കുപ്പിവെള്ളം വിറ്റതിൽ ആദ്യ അഞ്ച് ജില്ലകളിൽ കൊല്ലവും
ജില്ലയിൽ കൂടുതൽ കുപ്പിവെള്ളം വിറ്റത് കൊല്ലം താലൂക്കിൽ
38200 കുപ്പികൾ എത്തിച്ചതിൽ 34420 കുപ്പികൾ വിറ്റുപോയി
വിൽപ്പന വില ₹10 (ഒരു ലിറ്റർ)
റേഷൻ കടക്കാർക്ക് നൽകുന്നത് ₹8
ഒരു കേസിൽ-12 കുപ്പികൾ
അഞ്ച് കേസിന് ₹450 (സ്പെഷ്യൽ റേറ്റ്)
സുജലം പദ്ധതി വഴിയുള്ള കുപ്പിവെള്ള കച്ചവടത്തിന് മികച്ച പ്രതികരണം. എന്നാൽ കഴിഞ്ഞ ഒരു മാസമായി ചാത്തന്നൂർ ഭാഗങ്ങളിൽ ഹില്ലിഅക്വായുടെ വിതരണക്കാർ വെള്ളം എത്തിക്കുന്നില്ല.
ചാത്തന്നൂർ ശീമാട്ടി ജംഗ്ഷനിലെ
റേഷൻ വ്യാപാരി
കുറ്റമറ്റരീതിയിലാണ് സുജലം പദ്ധതി മുന്നോട്ട് പോകുന്നത്. ജില്ലാ അതിർത്തിയിലും ശബരിമല തീർത്ഥാടകർ ജില്ലയിൽ പ്രധാനമായി എത്തുന്നയിടങ്ങളിലും കുപ്പിവെള്ളം വിൽപ്പന നടത്തും. പരാതികൾ പരിഹരിക്കും.
ഭക്ഷ്യവകുപ്പ് അധികൃതർ